ദമസ്‌കസ്: വംശീയ സംഘര്‍ഷം നടന്ന അല്‍ സുവായ്ദ പ്രദേശത്ത് നിന്നും അറബ് ഗോത്രങ്ങളെ സിറിയന്‍ സര്‍ക്കാര്‍ മാറ്റുന്നു. ഡ്രൂസ് വിഭാഗങ്ങളും അറബ് വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആയിരത്തോളം പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി. സുവായ്ദ വിട്ടുപോവേണ്ടവര്‍ക്ക് വേണ്ട സഹായം നല്‍കുമെന്ന് ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അല്‍ ദലാത്തി പറഞ്ഞു. യുഎസും തുര്‍ക്കിയും ജോര്‍ദാനും ചേര്‍ന്നാണ് പ്രദേശത്ത് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത്. കരാര്‍ പ്രകാരം അറബ് ഗോത്ര പോരാളികളും മറ്റു സായുധ വിഭാഗങ്ങളും സുവായ്ദയില്‍ നിന്നും ഒഴിഞ്ഞുപോവണം. എന്നാല്‍, ഡ്രൂസ് പോരാളികള്‍ അവിടെ തന്നെ തുടരും.
അതേസമയം, സുവായ്ദയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യവസായ മന്ത്രി നിദാല്‍ അല്‍ ഷാറിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സിമ ആബിദ് റബ്ബോ പദവിയില്‍ നിന്നും രാജിവച്ചു. സുവായ്ദയില്‍ നടക്കുന്ന സംഭവങ്ങളില്‍ സര്‍ക്കാര്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.
