ദമസ്‌കസ്: വംശീയ സംഘര്‍ഷം വ്യാപകമായ അല്‍ സുവായ്ദയില്‍ നിന്നും അറബ് മിലിഷ്യകളെ മാറ്റാന്‍ സിറിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രദേശത്തിന്റെ നിയന്ത്രണം സിറിയന്‍ അറബ് സൈന്യം ഏറ്റെടുത്തു. അറബ് മിലിഷ്യകളും ഡ്രൂസ് മിലിഷ്യകളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ വന്നതിന് ശേഷമാണ് നടപടി. സുവായ്ദ പ്രദേശത്തിന്റെ വടക്കുഭാഗത്തും പടിഞ്ഞാറന്‍ ഭാഗത്തുമാണ് സിറിയന്‍ അറബ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇതോടെ സംഘര്‍ഷം നിലച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇതുവരെ 260 പേര്‍ കൊല്ലപ്പെട്ടു. 1700 പേര്‍ക്ക് പരിക്കേറ്റു. 900 പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. ഏകദേശം 87,000 പേര്‍ അഭയാര്‍ത്ഥികളുമായി.വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വേണമെന്ന് ഡ്രൂസ് സമുദായ നേതാവായ ശെയ്ഖ് ഹികാമത് അല്‍ ഹിജ്രി പറഞ്ഞു. വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് സതേണ്‍ ട്രൈബല്‍ അലയന്‍സും അറിയിച്ചു.