യുഎസ് അറബ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങി ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നു: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
സന്‍ആ: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരെ വ്യോമ ഉപരോധം നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് യെമനിലെ അന്‍സാറുല്ലയുടെ നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. എല്ലാ വെള്ളിയാഴ്ച്ചയും നടത്തുന്ന പൊതുസംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗസയില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്രായേലിനോട് അറബ് രാജ്യങ്ങള്‍ കീഴടങ്ങല്‍ നിലപാട് സ്വീകരിക്കുന്നത് അപമാനകരമാണെന്ന് അല്‍ ഹൂത്തി പറഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ഫലസ്തീന്‍ ലക്ഷ്യത്തിന് തിരിച്ചടിയാണ്. അറബ് സൈന്യങ്ങള്‍ മുന്‍കാലങ്ങളില്‍ കാണിച്ച ഇച്ഛാശക്തിയില്ലായ്മയാണ് പ്രശ്‌നം ഇത്രയും വഷളാവാന്‍ കാരണം. ഗസയില്‍ മാത്രം അഞ്ചോ അധികമോ തവണ ഇസ്രായേലി ശത്രു പരാജയപ്പെട്ടു. ലബ്‌നാനില്‍ നിന്നും ഹിസ്ബുല്ല അവരെ പുറത്താക്കി. ഫലസ്തീനികളെ പിന്തുണക്കാതിരിക്കുന്നതിന് ഒരു ഒഴികഴിവും പറയാനാവില്ല. ഇസ്രായേലിനെതിരെ നിലപാട് സ്വീകരിക്കുന്നത് ഇറാനെ അനുകൂലിക്കുന്നതാണെന്ന പ്രചാരണം അറബികളുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതിന് തുല്യമാണ്. അമേരിക്കക്കാര്‍ അറബികളില്‍ നിന്ന് പണം വാങ്ങുകയും ഇസ്രായേലികള്‍ക്ക് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നു. യുഎസിനും ഇസ്രായേലിനും എന്തു ചെയ്തു കൊടുത്താലും അത് അറബികള്‍ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.