പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റില്‍

Update: 2025-05-26 15:39 GMT

ബെല്‍ഗാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍. റായ്ബാഗ് താലൂക്കിലെ മേഘാലി ഗ്രാമത്തിലെ രാം മന്ദിര്‍ മഠാധിപതി ഹത്യോഗി ലോകേശ്വര്‍ സ്വാമി(30)യാണ് പിടിയിലായത്. മേയ് 13ന് ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് സ്വാമി കുട്ടിയെ കണ്ടത്. വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി റായ്ച്ചൂരിലെ ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെ വീട്ടുകാര്‍ ബാഗല്‍കോട്ട് പോലിസില്‍ പരാതി നല്‍കി. കേസ് എടുത്ത വിവരമറിഞ്ഞപ്പോള്‍ അപ്രത്യക്ഷനായ സ്വാമിയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. സ്വാമിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാട്ടുകാര്‍ മഠത്തില്‍ പരിശോധന നടത്തി. മാരകായുധങ്ങളും മറ്റു വസ്തുക്കളുമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. 'മട്ക' നമ്പര്‍ പ്രവചനം പോലുള്ള നിയമവിരുദ്ധ ചൂതാട്ട പ്രവര്‍ത്തനങ്ങളില്‍ സ്വാമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.