കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച് യുവാവിനെ ആത്മഹത്യ ചെയ്യിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത ഷിംജിതയെ സ്വകാര്യ വാഹനത്തില്‍ പോലിസ് കൊണ്ടുപോയത് സംശയാസ്പദമാണെന്ന് യുവാവിന്റെ കുടുംബം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബമാണ് ആരോപണം ഉന്നയിച്ചത്. ഒളിവില്‍ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പോലിസ് ഷിംജിതയെ പിടികൂടിയത്. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലിസ് സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലിസിന്റെ രഹസ്യനീക്കങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരില്‍ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതി മനഃപൂര്‍വം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.