വഖ്ഫ് നിയമഭേദഗതി: ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതി പ്രതിപക്ഷ എംപിമാര്‍; ഫോണില്‍ നിര്‍ദേശം സ്വീകരിച്ച് സസ്‌പെന്‍ഡ് ചെയ്‌തെന്ന്
ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ജഗദാംബിക പാലിനെതിരേ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതി പ്രതിപക്ഷ എംപിമാര്‍. ഇന്ന് സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാരാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരിക്കുന്നത്.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചെയര്‍മാന്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കത്ത് പറയുന്നു. '' ചെയര്‍മാന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ജനാധിപത്യപരമായി ചോദ്യം ചെയ്തു. പാര്‍ലമെന്റ് സമ്മേളനം ഈ മാസം 31 ആരംഭിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് മണ്ഡലങ്ങളില്‍ കുറച്ചുകാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനാല്‍ ജെപിസി യോഗം മാറ്റിവക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ചെയര്‍മാന്‍ തയ്യാറായില്ല. അതേസമയം, ചെയര്‍മാന്‍ ഫോണില്‍ ആരോടോ സംസാരിച്ച ശേഷം ഞങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആരോടാണ് സംസാരിച്ചതെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. പ്രശ്‌നങ്ങള്‍ സമഗ്രമായ രീതിയില്‍ പരിഹരിക്കാന്‍ പഠനം ആവശ്യമാണ്. പക്ഷെ, ജെപിസി ചെയര്‍മാന്‍ തിടുക്കം കൂട്ടുകയാണ്. ഇതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. ജെപിസി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചെയര്‍മാന് അധികാരമില്ല. അതിനാല്‍, ഞങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ ചെയര്‍മാന് നിര്‍ദേശം നല്‍കണം.''-കത്ത് പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ കല്യാണ്‍ ബാനര്‍ജി, നദീംഉല്‍ ഹഖ്, കോണ്‍ഗ്രസ് അംഗങ്ങളായ മുഹമ്മദ് ജാവേദ്, ഇമ്രാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, ഡിഎംകെ അംഗങ്ങളായ എ രാജ, മുഹമ്മദ് അബ്ദുല്ല, അസദുദ്ദീന്‍ ഒവൈസി, സമാജ് വാദി പാര്‍ട്ടിയുടെ മൊഹിബുല്ല, ശിവസേന യുബിടി അംഗമായ അരവിന്ദ് സാവന്ത് എന്നിവരെയാണ് ഇന്നുരാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.