ഹാര്‍ണി ബോട്ടപകടത്തിലെ ഇരകള്‍ക്ക് നീതി ചോദിച്ച കൗണ്‍സിലറെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു; നീതി ചോദിക്കുന്നത് പാര്‍ട്ടിയില്‍ കുറ്റകൃത്യമാണെന്ന് കൗണ്‍സിലര്‍

Update: 2025-05-10 05:00 GMT

അഹമദാബാദ്: വഡോദരയിലെ ഹാര്‍ണി തടാകത്തിലുണ്ടായ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലറെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പതിനഞ്ചാം വാര്‍ഡ് മെമ്പറായ ആശിഷ് ജോഷിക്കെതിരെയാണ് നടപടി. പാര്‍ട്ടിയുടെ പ്രതിഛായക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

2024 ജനുവരി 18നുണ്ടായ ബോട്ടപകടത്തില്‍ മരിച്ച രണ്ടു കുട്ടികളുടെ അമ്മമാരായ റോഷ്‌നിയും വിശ്വയും മേയ് രണ്ടിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രസംഗം തടസപ്പെടുത്തിയിരുന്നു. അവരെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ വിമര്‍ശിച്ചതിനാണ് ആശിഷ് ജോഷിക്കെതിരെ ബിജെപി നടപടിയെടുത്തത്. രണ്ടു സ്ത്രീകളെ ചോദ്യം ചെയ്യുന്നതിന് പകരം മുഖ്യമന്ത്രി അവര്‍ക്ക് മൈക്രോഫോണ്‍ നല്‍കി എന്താണ് പറയാനുള്ളത് എന്ന് ചോദിക്കണമായിരുന്നു എന്നാണ് ജോഷി ആവശ്യപ്പെട്ടത്. ഇതാണ് പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുത്തിയെന്ന് ബിജെപി പറയാന്‍ കാരണം. പുറത്താക്കപ്പെട്ടതിന് ശേഷം പാര്‍ട്ടിക്കെതിരെ രൂക്ഷമായ നിലപാട് സ്വീകരിച്ച് ജോഷി രംഗത്തെത്തി.

ഏപ്രില്‍ 22ന് നടന്ന പെഹല്‍ഗാം ആക്രമണത്തിലെ ഇരകളേക്കാള്‍ 'കുറവാണോ' ഹാര്‍ണി ദുരന്തത്തിലെ ഇരകളുടെ വേദന എന്ന് ആശിഷ് ജോഷി ചോദിച്ചു. ഹാര്‍ണി ബോട്ട് ദുരന്തത്തിലെ ഇരകളായ 14 പേര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും ആശിഷ് ജോഷി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു.

''നീതി തേടുന്നത് പാര്‍ട്ടിക്കുള്ളില്‍ കുറ്റകൃത്യമാണ്...ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ആക്രമണങ്ങളില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ അതിന് പ്രതികാരം ചെയ്തു. എന്നാല്‍ ഹാര്‍ണി ദുരന്തത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 14 ഇരകളുടെ കാര്യമോ...? അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച ഒരു ദുരന്തമല്ലാതെ മറ്റൊന്നുമല്ല അത്, അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് എല്ലാ തെളിവുകളും ഉണ്ട്. പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുമെന്ന വാഗ്ദാനം നിറവേറ്റിയപ്പോള്‍ വഡോദരയിലെയും ഗുജറാത്തിലെയും പ്രാദേശിക നേതാക്കള്‍ ഹാര്‍ണി കേസിലെ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്...''-ആശിഷ് ജോഷി പറഞ്ഞു.

ഹാര്‍ണി ബോട്ടപകടത്തില്‍ മരിച്ച കുട്ടികളും അധ്യാപകരും ഉണ്ടായിരുന്ന ന്യൂ സണ്‍റൈസ് സ്‌കൂള്‍ ജോഷിയുടെ വാര്‍ഡിലാണുള്ളത്. പാര്‍ട്ടിയുടെ നടപടി തന്നെ കാര്യമായി ബാധിക്കുന്നില്ലെന്ന് ജോഷി പറഞ്ഞു. ''നിയമങ്ങള്‍ അനുസരിച്ച് ഒരു സ്വതന്ത്ര കോര്‍പ്പറേറ്റര്‍ എന്ന നിലയില്‍ തുടരും. ബിജെപിയില്‍ നിന്നും ഉത്തരം തേടും.''- ആശിഷ് ജോഷി പറഞ്ഞു.