റമദാനില്‍ മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് കെ സുരേന്ദ്രന്‍; വെള്ളം കിട്ടാതെ മരിച്ചവരുടെ പട്ടിക പുറത്തുവിടണമെന്ന് പി കെ ഫിറോസ്

Update: 2025-04-08 13:00 GMT

ന്യൂഡല്‍ഹി: റമദാന്‍ വതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയില്‍ ഒരു തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ലെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ പ്രസ്താവനകള്‍ക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി. വരുന്ന നോമ്പുകാലത്ത് കോഴിക്കോട് രാമനാട്ടുകര മുതല്‍ മലപ്പുറത്തെ എടപ്പാള്‍വരെ യാത്രചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസിലാക്കാമെന്നും ഫിറോസ് പറഞ്ഞു. നോമ്പുകാലത്ത് ജില്ലയില്‍ കടകള്‍ തുറക്കാത്തത് കച്ചവടം കുറയുന്നതുകൊണ്ടാണ്. ഈ കാലയളവില്‍ കച്ചവടം കൂട്ടാന്‍ സുരേന്ദ്രന്‍ ബിജെപിക്കാരോട് മലപ്പുറത്തേക്ക് പോവാന്‍ പറയട്ടെ എന്നും ഫിറോസ് പരിഹസിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നുണപറയുകയാണ്. സ്ഥാനം നഷ്ടപ്പെട്ടതിലെ നിരാശയാണോ ഇതിനുപിന്നില്‍ എന്ന് വ്യക്തമല്ല. അത് എന്തുതന്നെയായാലും നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

സുരേന്ദ്രന്‍ മതേതരത്വത്തെ കുറിച്ച് പറയുന്നത് ഹിറ്റ്‌ലര്‍ അഹിംസാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പോലെയാണ്. നുണകളിലൂടെ നിറഞ്ഞ് നില്‍ക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഇത്തരം പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. വിദ്വേഷ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ കേസ് എടുക്കാത്തതില്‍ അത്ഭുതം ഇല്ല. രാജ്യദ്രോഹ കുറ്റം പോലും ചുമത്തേണ്ട കൊടകര കേസില്‍ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണെന്നും ഫിറോസ് പരിഹസിച്ചു.