സൂറത്തില്‍ മുസ്‌ലിം പള്ളി അധികൃതര്‍ ഭാഗികമായി പൊളിച്ചു; രേഖകള്‍ ഹാജരാക്കി പള്ളിക്കമ്മിറ്റി
സൂറത്ത്: സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നാരോപിച്ച് ഗുജറാത്തിലെ സൂറത്തില്‍ മുസ്‌ലിം പള്ളി ഭാഗികമായി പൊളിച്ചു. സൂറത്തിലെ സായന്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ഇതേതുടര്‍ന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ മസ്ജിദ് കമ്മിറ്റി കലക്ടര്‍ക്ക് നല്‍കി.
''ഭൂമി വളരെക്കാലമായി ട്രസ്റ്റിന്റെ കൈവശമാണ്, ഞങ്ങള്‍ എല്ലാ വര്‍ഷവും ഗ്രാമപഞ്ചായത്തിന് നികുതി അടച്ചുവരികയാണ്. അളവിനായി ഡിഎല്‍ആര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍, അധികാരികള്‍ ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. ഞങ്ങളുടെ സാന്നിധ്യത്തില്‍ അല്ല അളവ് നടന്നത്. ഡിഎല്‍ആര്‍ നടത്തിയ ഭൂമി അളക്കലില്‍ ഞങ്ങള്‍ തൃപ്തരല്ല, സൂറത്ത് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയിലൂടെ ഞങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.''-സയാന്‍ ജുമ ട്രസ്റ്റ് മസ്ജിദ് അംഗം യെബൂഹ് മനാഖ് പറഞ്ഞു.