ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്ത്രീകളും പ്രത്യേകിച്ചും ഹിന്ദുസ്ത്രീകള്‍ വില്‍പത്രം എഴുതണമെന്ന് സുപ്രിംകോടതി. മരണശേഷം സ്വത്തിനെ ചൊല്ലി രക്ഷിതാക്കളും അനന്തരാവകാശികളും തമ്മില്‍ കേസുകള്‍ ഉണ്ടാവാതിരിക്കാനാണ് ഇതെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ആര്‍ മഹാദേവനും പറഞ്ഞു.
'1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 15(1) പ്രകാരം പ്രായഭേദമന്യേ എല്ലാ ഹിന്ദു സ്ത്രീകളും സ്വത്ത് സംബന്ധിച്ച് വില്‍പത്രം എഴുതണമെന്ന് കോടതി അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യത്തെ സ്ത്രീകളുടെ പ്രത്യേകിച്ച് ഹിന്ദു സ്ത്രീകളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനും കൂടുതല്‍ വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനുമായി ഞങ്ങള്‍ അങ്ങനെ നിര്‍ദേശിക്കുന്നു.''- കോടതി പറഞ്ഞു.
ഒരു ഹിന്ദു സ്ത്രീ മകനെയോ മകളെയോ ഭര്‍ത്താവിനെയോ അവശേഷിപ്പിക്കാതെ മരണപ്പെടുമ്പോള്‍, അവരുടെ സ്വത്ത് ഭര്‍ത്താവിന്റെ അനന്തരാവകാശികളില്‍ മാത്രമായി നിക്ഷിപ്തമാകും. ഭര്‍ത്താവിന്റെ അവകാശികള്‍ ഇല്ലെങ്കില്‍, നിയമത്തിലെ സെക്ഷന്‍ 15(1)(സി) പ്രകാരം സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് സ്വത്തിന്റെ അവകാശികളാകാം. ഒരു ഹിന്ദു സ്ത്രീ വില്‍പത്രം ഇല്ലാതെ മരിക്കുകയും അവരുടെ മാതാപിതാക്കളോ അവരുടെ അവകാശികളോ അവളുടെ സ്വത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്യുമ്പോള്‍, കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് കക്ഷികള്‍ ആദ്യം പ്രീ-ലിറ്റിഗേഷന്‍ മധ്യസ്ഥതയിലൂടെ കടന്നുപോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മധ്യസ്ഥതയില്‍ എത്തിച്ചേരുന്ന ഏതൊരു ഒത്തുതീര്‍പ്പും കോടതിയുടെ ഒരു ഉത്തരവായി കണക്കാക്കണമെന്ന് കോടതി വിധിച്ചു.
