ഇഡിക്ക് തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണതയുണ്ട്: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇഡിയ്ക്ക് തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്ന് സുപ്രിംകോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ ഇത് കണ്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലെ കുറ്റാരോപിതരില്‍ ഒരാളായ അരവിന്ദ് സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 40 കോടി രൂപ ഇയാള്‍ സ്വന്തമാക്കിയെന്ന ഇഡിയുടെ വാദം ബോധ്യപ്പെടാതെ വന്നപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.
''ഇഡി ഫയല്‍ ചെയ്ത നിരവധി കേസുകളില്‍ ഇത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതാണ് രീതി, ഒന്നും പരാമര്‍ശിക്കാതെ ആരോപണങ്ങള്‍ ഉന്നയിക്കുക''-കോടതി പറഞ്ഞു. ഇഡിയുടെ വാക്കു കൊണ്ട് മാത്രം തന്റെ കക്ഷി പത്തുമാസമായി ജയിലില്‍ ആണെന്ന് അരവിന്ദ് സിങിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. അന്വേഷണം ഇപ്പോഴും തുടരുന്നതിനാല്‍ അടുത്തൊന്നും വിചാരണ ആരംഭിക്കാന്‍ സാധ്യതയില്ല. 21 കുറ്റാരോപിതരും 150ല്‍ അധികം സാക്ഷികളും 25,000 പേജുള്ള കുറ്റപത്രവുമുള്ളതിനാല്‍ വിചാരണ തുടങ്ങിയാലും തീരാന്‍ കാലങ്ങള്‍ എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്രയും വലിയ കുറ്റപത്രമുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. അരവിന്ദ് സിങ് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞാലേ ജാമ്യം അനുവദിക്കാവൂയെന്ന വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് മേയ് ഒമ്പതിലേക്ക് മാറ്റി. അരവിന്ദ് സിങിനെതിരെയുള്ള തെളിവകളുമായാണ് ഇനി വരുകയെന്ന് എസ് വി രാജു കോടതിക്ക് വാഗ്ദാനവും നല്‍കി.
