അറസ്റ്റിനെ ചോദ്യം ചെയ്ത് അലി ഖാന്‍ മഹ്മൂദാബാദ് സുപ്രിംകോടതിയില്‍; കേസ് ബുധനാഴ്ച്ച പരിഗണിക്കും
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന് പോലിസ് അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച ഹരിയാനയിലെ അശോക സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ അലി ഖാന്‍ മഹ്മൂദാബാദ് സുപ്രിംകോടതിയെ സമീപിച്ചു. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വിട്ടയക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഹരജി ഫയല്‍ ചെയ്ത കാര്യം കോടതിയെ അറിയിച്ചത്. ബുധനാഴ്ച കേസ് പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള രാജ്യസ്‌നേഹപരമായ പോസ്റ്റിനാണ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അലി ഖാനെ അറസ്റ്റ് ചെയ്തതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
മേയ് എട്ടിനാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അലി ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയത്. ഇതേതുടര്‍ന്ന് അലി ഖാനെതിരെ ഹിന്ദുത്വര്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍, അലി ഖാന് വേണ്ടി പൗരസമൂഹവും രംഗത്തെത്തി. വിവിധ മേഖലകളിലെ പ്രമുഖര്‍ അടക്കം 1200 പേര്‍ ഒപ്പിട്ട തുറന്ന കത്തും പ്രസിദ്ധീകരിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അലി ഖാന്‍ മഹ്മൂദാബാദ് പോസ്റ്റ് ചെയ്ത ''രാജ്യദ്രോഹ'' കുറിപ്പിന്റെ പൂര്‍ണരൂപം
''മേയ് 8, 2025
തന്ത്രപരമായി നോക്കുകയാണെങ്കില്‍ പാകിസ്താനിലെ സൈന്യവും തീവ്രവാദികളും (ഭരണകൂട ഇതര സംഘങ്ങള്‍) തമ്മിലുള്ള വ്യത്യാസം തകര്‍ക്കുന്നതില്‍ ഇന്ത്യ ഒരു പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നു. ഏതൊരു തീവ്രവാദ പ്രവര്‍ത്തനത്തിനും പരമ്പരാഗത സൈനിക പ്രതികരണമുണ്ടാവും എന്നതാണ് ഇതിന്റെ ഫലം. തീവ്രവാദികള്‍ക്കും ഭരണകൂട ഇതര സംഘങ്ങള്‍ക്കും പിന്നില്‍ ഇനി ഒളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇത് പാകിസ്താന്‍ സൈന്യത്തില്‍ ചുമത്തുന്നു.
അന്താരാഷ്ട്ര വേദികളില്‍ തങ്ങള്‍ ഇരകളാണെന്ന് അവകാശപ്പെടുന്നതിനൊപ്പം പ്രദേശത്തെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍ സൈന്യം വളരെക്കാലമായി സൈനികവല്‍ക്കരിക്കപ്പെട്ട ഭരണകൂട ഇതര ഗ്രൂപ്പുകളെ ഉപയോഗിച്ചു. പാകിസ്താനില്‍ വിഭാഗീയ സംഘര്‍ഷം വളര്‍ത്താനും ഉപയോഗിച്ച ഇവരില്‍ ചിലര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ലക്ഷ്യമായി.
തീവ്രവാദ ആക്രമണങ്ങളെ സൈനിക പ്രതികരണത്തിലൂടെ നേരിടുമെന്നതിനാല്‍, അവ രണ്ടും തമ്മിലുള്ള അര്‍ത്ഥപരമായ വ്യത്യാസം ഇല്ലാതാക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യാ-പാക് ബന്ധത്തിലെ ധാരണകളെ പുനക്രമീകരിക്കുന്നു.
ധാരണകളില്‍ ഈ തകര്‍ച്ചയുണ്ടായിട്ടും അനാവശ്യ സംഘര്‍ഷം ഉണ്ടാവാതിരിക്കാനായി ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ സൈനിക സ്ഥാപനങ്ങളെയോ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യം വെക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. സന്ദേശം വ്യക്തമാണ്: നിങ്ങളുടെ തീവ്രവാദ പ്രശ്‌നം നിങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും !. ഇരുവശത്തും സിവിലിയന്‍മാര്‍ മരിക്കുന്നത് ദാരുണമാണ്, യുദ്ധം ഒഴിവാക്കേണ്ടതിന്റെ പ്രധാന കാരണമതാണ്.
യുദ്ധത്തിനായ് വാദിക്കുന്നവരുണ്ട്, ജീവിതത്തില്‍ ഒരിക്കലും യുദ്ധം കാണാത്തവരും ഒരു സംഘര്‍ഷ മേഖലയില്‍ താമസിക്കുകയോ അത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യാത്തവരാണ് അവര്‍. സിവില്‍ ഡിഫന്‍സ് ഡ്രില്ലിന്റെ ഭാഗമാവുന്നത് നിങ്ങളെ സൈനികനാക്കില്ല, സംഘര്‍ഷത്തില്‍ നഷ്ടം നേരിടുന്നവരുടെ വേദന നിങ്ങള്‍ ഒരിക്കലും അറിയുകയുമില്ല.
യുദ്ധം ക്രൂരമാണ്. ദരിദ്രര്‍ ആവശ്യത്തില്‍ കൂടുമ്പോള്‍ കഷ്ടപ്പെടുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ കമ്പനികള്‍ക്കുമാണ് അതില്‍ നിന്നും നേട്ടമുണ്ടാക്കുക.
രാഷ്ട്രീയം പ്രാഥമികമായി അക്രമത്തില്‍ വേരൂന്നിയതിനാല്‍ യുദ്ധം അനിവാര്യമാണെങ്കിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒരിക്കലും സൈനികമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് നാം മനസ്സിലാക്കണം- ഏറ്റവും കുറഞ്ഞത് മനുഷ്യചരിത്രം ഇത് നമ്മെ പഠിപ്പിക്കുന്നു.
അവസാനമായി, കേണല്‍ സോഫിയ ഖുറൈശിയെ വലതുപക്ഷക്കാര്‍ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഏകപക്ഷീയ ബുള്‍ഡോസിങ്, ബിജെപിയുടെ വിദ്വേഷ പ്രചാരണം തുടങ്ങിയവയ്ക്ക് ഇരയായ മറ്റുള്ളവരെ ഇന്ത്യന്‍ പൗരന്‍മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തില്‍ ആവശ്യപ്പെടാനും ഒരുപക്ഷേ അവര്‍ക്ക് കഴിയും. രണ്ട് വനിതാ സൈനികര്‍ അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമാണ്, പക്ഷേ ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യണം, അല്ലാത്തപക്ഷം അത് വെറും കാപട്യമാണ്.
ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രീയക്കാരന്‍ 'പാകിസ്താന്‍ മുര്‍ദാബാദ്' എന്ന് പറഞ്ഞപ്പോള്‍ പാകിസ്താന്‍കാര്‍ അദ്ദേഹത്തെ ട്രോളി. അപ്പോള്‍ ഇന്ത്യന്‍ വലതുപക്ഷക്കാര്‍ 'അദ്ദേഹം നമ്മുടെ മുല്ലയാണ്' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പ്രതിരോധിച്ചു. തീര്‍ച്ചയായും ഇത് രസകരമാണ്, പക്ഷേ വര്‍ഗീയത ഇന്ത്യന്‍ രാഷ്ട്രീയത്തെ എത്രത്തോളം ആഴത്തില്‍ ബാധിച്ചിരിക്കുന്നു എന്നതിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു.
വാര്‍ത്താസമ്മേളനം എനിക്ക് ക്ഷണികമായ ഒരു കാഴ്ച മാത്രമായിരുന്നു- ഒരു മിഥ്യയും സൂചനയും-പാകിസ്താന്‍ രൂപീകരിച്ച യുക്തിയെ ധിക്കരിക്കുന്ന ഒരു ഇന്ത്യയെ കുറിച്ചുള്ളതാണ് അത്.
ഞാന്‍ പറഞ്ഞതുപോലെ, സാധാരണ മുസ്‌ലിംകള്‍ നേരിടുന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണിക്കാന്‍ ശ്രമിച്ചതില്‍ നിന്ന് വ്യത്യസ്തമാണ്, എന്നാല്‍, അതേസമയം വാര്‍ത്തസമ്മേളനം കാണിക്കുന്നത് ഇന്ത്യ, അതിന്റെ വൈവിധ്യത്തെ ഏകീകരിച്ചു, ഒരു ആശയമെന്ന നിലയില്‍ പൂര്‍ണ്ണമായും മരിച്ചിട്ടില്ല എന്നാണ്.
ജയ് ഹിന്ദ് ''

