പോക്‌സോ കേസിലെ പരാതിക്കാരി പ്രായപൂര്‍ത്തിയായാല്‍ മുതിര്‍ന്നവരെ പോലെ ക്രോസ് വിസ്താരം നടത്തണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി; സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: പോക്‌സോ കേസിലെ പരാതിക്കാരി വിചാരണകാലയളവില്‍ പ്രായപൂര്‍ത്തിയായാല്‍ അവരെ മുതിര്‍ന്നവരെ പോലെ ക്രോസ് വിസ്താരം ചെയ്യണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് ജസ്റ്റിസുമാരായ പങ്കജ് മിത്തലും ബി പ്രസന്നയും നോട്ടിസ് അയച്ചു. കേസ് ഇനി ഒന്നരമാസത്തിന് ശേഷം പരിഗണിക്കും.
പോക്‌സോ കേസിലെ ഇരയോട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പ്രതിഭാഗം അഭിഭാഷകരും നേരില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ് നിയമത്തിലെ 33(2) വകുപ്പ് പറയുന്നത്. അഭിഭാഷകരുടെ ചോദ്യങ്ങളും ഉത്തരങ്ങളും ജഡ്ജിക്കാണ് നല്‍കേണ്ടത്. ജഡ്ജിയാണ് അവ ഇരയോട് ചോദിക്കേണ്ടതും പറയേണ്ടതും. പ്രതികൂലമായ ക്രോസ് വിസ്താരത്തില്‍ നിന്നും കുട്ടിയെ സംരക്ഷിക്കാനാണ് ജഡ്ജിയെ ഇടയില്‍ നിര്‍ത്തുന്നത്. എന്നാല്‍, പരാതിക്കാരിക്ക് പതിനെട്ടു വയസ് കഴിഞ്ഞാല്‍ ഈ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചത്.
ആരാണ് കുട്ടിയെന്ന് നോക്കാന്‍ ജൈവികമായ ഘടകങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് മിസ് ഇയെര-സ്‌റ്റേറ്റ് കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ പരാതിക്കാരിയെ കുട്ടിയായി പരിഗണിക്കുന്നത് കുറ്റാരോപിതന് ന്യായമായ വിചാരണ ഉറപ്പാക്കുന്നതിന് തടസമാണ്. അത് കുറ്റാരോപിതന്റെ നിയമത്തിന് മുന്നിലെ തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമായി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതന്റെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍ വേണം വിചാരണ നടക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
