എല്‍ജിബിടിക്കാര്‍ക്ക് വേണ്ടി സ്‌ട്രെയ്റ്റ് സ്ത്രീക്കെതിരെ വിവേചനം നടന്നെന്ന് യുഎസ് സുപ്രിംകോടതി
വാഷിങ്ടണ്‍: 'സാധാരണ' സ്ത്രീയായതിനാല്‍ തൊഴിലിടത്തില്‍ വിവേചനം നേരിട്ടെന്ന് ആരോപിച്ച യുവതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് യുഎസ് സുപ്രിംകോടതി. ഒഹായോ സംസ്ഥാനത്തെ യുവ സേവന വകുപ്പിലെ ജീവനക്കാരിയായ മര്‍ലിയാന്‍ ഏംസ് എന്ന യുവതിക്ക് അനുകൂലമായാണ് സുപ്രിംകോടതി വിധി. കഴിഞ്ഞ 20 വര്‍ഷമായി വകുപ്പില്‍ ജോലി ചെയ്യുന്ന തനിക്ക് സ്ഥാനക്കയറ്റം നല്‍കാതെ 'ഗേ' ആണെന്ന് പറയുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെ ചോദ്യം ചെയ്താണ് മര്‍ലിയാന്‍ ഹരജി നല്‍കിയിരുന്നത്. സ്ഥാനക്കയറ്റം നല്‍കുന്നതിന് പകരം തന്നെ പദവിയില്‍ നിന്ന് താഴ്ത്തിയെന്നും മര്‍ലിയാന്‍ ചൂണ്ടിക്കാട്ടി. തന്റെ പദവിയില്‍ എല്‍ജിബിടി എന്നറിയപ്പെടുന്ന വിഭാഗത്തിലെ ഒരാളെ നിയമിച്ചെന്നും അവര്‍ വാദിച്ചു. ഇത് ശരിയാണെന്ന് സുപ്രിംകോടതി കണ്ടെത്തി.
ചരിത്രപരമായി അനീതി അനുഭവിക്കാത്ത വിഭാഗങ്ങള്‍ വിവേചനത്തിന് ഇരയായെന്ന് പറയുമ്പോള്‍ ഹാജരാക്കേണ്ട തെളിവുകളുടെ ഉയര്‍ന്ന നിലവാരം സുപ്രിംകോടതി ഒഴിവാക്കി. സുപ്രിംകോടതി ബെഞ്ചിലെ ആഫ്രിക്കന്‍ വംശജയായ ജസ്റ്റിസ് കെതാഞ്ചി ബ്രൗണ്‍ ജാക്‌സണും മര്‍ലിയാന്‍ ഏംസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇനി മര്‍ലിയാന്റെ കേസ് പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതികള്‍ വീണ്ടും പരിഗണിക്കണം. നേരത്തെ മര്‍ലിയാന് എതിരെയാണ് കീഴ്‌ക്കോടതികള്‍ വിധിച്ചിരുന്നത്.