''മതപരിവര്‍ത്തന നിരോധന നിയമം'' സ്‌റ്റേ ചെയ്യണമെന്ന ആവശ്യം; സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി

Update: 2025-09-17 03:16 GMT

ന്യൂഡല്‍ഹി: 'മതപരിവര്‍ത്തന നിരോധന നിയമം' സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി. അത്തരം നിയമങ്ങള്‍ പ്രാബല്യത്തിലുള്ള മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോടാണ് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് തേടിയത്. നിയമങ്ങള്‍ക്കെതിരായ ഹരജികള്‍ വര്‍ഷങ്ങളായി പരിഗണിക്കാതെ കിടക്കുകയാണെന്നും ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നിയമങ്ങള്‍ കൂടുതല്‍ പൈശാചികമാക്കുകയാണെന്നും ഹരജിക്കാരായ സിറ്റിസണ്‍സ് ഫോര്‍ പീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ് ചൂണ്ടിക്കാട്ടി. '' ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2024ല്‍ നിയമം ഭേദഗതി ചെയ്തു. വിവാഹം വഴി ആരെങ്കില്‍ മതം മാറിയാല്‍ 20 വര്‍ഷം തടവാണ് ഇപ്പോഴത്തെ ശിക്ഷ. അത് ജീവിതാവസാനം വരെയാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഎംഎല്‍എ, ടാഡ എന്നീ നിയമങ്ങളെ പോലെയാണ് ഈ നിയമത്തിലെ ജാമ്യ വ്യവസ്ഥയും. കുറ്റം ചെയ്തില്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കേണ്ട രീതിയിലാണ് നിയമം രൂപീകരിച്ചിരിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരും അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നു. ഗുജറാത്തിലെ നിയമത്തിലെ ഒരു വകുപ്പും മധ്യപ്രദേശിലെ നിയമത്തിലെ ഒരു വകുപ്പും ഹൈക്കോടതികള്‍ സ്‌റ്റേ ചെയ്തു.''- സി യു സിങ് ചൂണ്ടിക്കാട്ടി.

ആര്‍ക്കും പരാതി നല്‍കാവുന്ന രീതിയിലാണ് യുപിയിലെ മതപരിവര്‍ത്തന നിയമം ഭേദഗതി ചെയ്തതെന്നും സി യു സിങ് ചൂണ്ടിക്കാട്ടി. ഗുണ്ടാസംഘങ്ങള്‍ക്ക് നിയമം ദുരുപയോഗം ചെയ്യാനുള്ള അധികാരമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.