തലാഖ് ഇ ഹസന്‍ നിരോധിക്കണമെന്ന ഹരജി: മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയും നിലപാട് തേടി സുപ്രിംകോടതി
ന്യൂഡല്‍ഹി: മുസ്‌ലിം വിവാഹമോചന രീതിയായ തലാഖ് ഇ ഹസന്‍ നിരോധിക്കണമെന്ന ഹരജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ വനിതാ കമ്മീഷന്റെയും ദേശീയ ബാലാവകാശ കമ്മീഷന്റെയും നിലപാട് തേടി സുപ്രിംകോടതി. ഇവരുടെ നിലപാട് ലഭിച്ച ശേഷം ഹരജികള്‍ നവംബറില്‍ പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മുത്തലാഖില്‍ നിന്നും ഭിന്നമായി ഒരു തലാഖ് ചൊല്ലി മൂന്നു ആര്‍ത്തവ കാലം കാത്തിരിക്കുന്ന തലാഖാണ് ഇത്.
മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹീനയാണ് വിഷയത്തില്‍ ആദ്യം സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ഭര്‍ത്താവ് തനിക്ക് ആദ്യ തലാഖ് ഏപ്രില്‍ 19ന് സ്പീഡ് പോസ്റ്റില്‍ അയച്ചെന്നും പിന്നീട് രണ്ടും മൂന്നും തലാഖുകള്‍ അടുത്ത മാസങ്ങളില്‍ ലഭിച്ചുവെന്നുമാണ് അവര്‍ ഹരജിയില്‍ അവകാശപ്പെട്ടിരുന്നത്. പുരുഷന് മാത്രം ചെയ്യാവുന്ന ഈ വിവാഹമോചന രീതി ഭരണഘടനയുടെ 14,15,21 അനുഛേദങ്ങളുടെ ലംഘനമാണെന്നാണ് ബേനസീര്‍ വാദിക്കുന്നത്. ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നും അവര്‍ വാദിക്കുന്നു.
മുത്തലാഖ് കേസ് പരിഗണിക്കുമ്പോള്‍ ഈ വിഷയത്തിലും സുപ്രിംകോടതി വിശദമായി വാദം കേട്ടിരുന്നുവെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അശ്വനി കുമാര്‍ ദുബെ വാദിച്ചു. വിഷയത്തില്‍ തുടക്കം മുതല്‍ പ്രത്യേകം വാദം കേള്‍ക്കണമെന്ന് കോടതി ഇതിന് മറുപടി നല്‍കി.
തലാഖ് ഇ ഹസന്‍ 'അത്ര അനുചിതമല്ല'എന്നാണ് 2022 ആഗസ്റ്റില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്ക് ഖുല്‍അ് വഴി സ്വതന്ത്രമായി വിവാഹമോചനം തേടാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
