വാടകക്കാരന് നിബന്ധനകള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി; 50 വര്‍ഷം പഴക്കമുള്ള വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉത്തരവ്

Update: 2025-12-26 14:31 GMT

ന്യൂഡല്‍ഹി: സ്വന്തം സ്വത്ത് തനിക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമാണെന്ന് ഉടമ തെളിയിച്ചാല്‍ ബദല്‍ സ്ഥലം നിര്‍ദേശിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്ന് സുപ്രിംകോടതി. കഴിഞ്ഞ 50 വര്‍ഷമായി കെട്ടിടം വാടകയ്ക്ക് എടുത്തിരുന്ന ഒരാളെ കുടിയൊഴിപ്പിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. മുംബൈയിലെ നാഗ്പടയിലെ കാമാത്തിപുരയിലെ വാണിജ്യ കെട്ടിടമാണ് കേസിന് കാരണമായത്.

തന്റെ മരുമകള്‍ക്ക് ബിസിനസ് ചെയ്യാന്‍ കെട്ടിടം ആവശ്യമുണ്ടെന്ന് കാണിച്ച് ഉടമ സിവില്‍കോടതിയെ സമീപിച്ചിരുന്നു. ഇത് സിവില്‍കോടതി അംഗീകരിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് വാടകക്കാരന്‍ നല്‍കിയ ഹരജി അപ്പീല്‍ കോടതിയും തള്ളി. തുടര്‍ന്ന് ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വാടകക്കാരന് അനുകൂലമായാണ് വിധിച്ചത്. തുടര്‍ന്ന് ഉടമ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേ കെട്ടിടത്തിലെ രണ്ടും മൂന്നു നിലകളില്‍ മുറികള്‍ ഒഴിവുണ്ടെന്നും അവിടെ ഉടമയ്ക്ക് കട തുറക്കാമെന്നാണ് വാടകക്കാരന്‍ വാദിച്ചത്. എന്നാല്‍, ഈ വാദം സുപ്രിംകോടതി തള്ളി. രണ്ടും മൂന്നു നിലകളിലെ മുറികള്‍ താമസസ്ഥലമാണ്. ഗ്രൗണ്ട് ഫ്‌ളോറിലെ മുറികള്‍ മാത്രമാണ് കച്ചവടത്തിന് അഭികാമ്യം. അതിനാല്‍ അത്തരം നിര്‍ദേശങ്ങള്‍ നല്‍കാന്‍ വാടകക്കാരന് കഴിയില്ല. തുടര്‍ന്നാണ് ഉടമയ്ക്ക് അനുകൂലമായി വിധിച്ചത്.