വഖ്ഫ് പോര്‍ട്ടലിനെതിരായ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ല: സുപ്രിംകോടതി

Update: 2025-08-22 08:00 GMT

ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വെബ് പോര്‍ട്ടലിനെതിരായ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുമ്പോള്‍ വെബ് പോര്‍ട്ടല്‍ വിഷയവും പരിഗണിക്കുമെന്ന് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ''നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യൂ, ആരും നിങ്ങളെ രജിസ്‌ട്രേഷനില്‍ നിന്ന് തടയുന്നില്ല .... ഞങ്ങള്‍ ആ ഭാഗം പരിശോധിക്കും.''-അപേക്ഷ നല്‍കിയ അഡ്വ. ഷാറൂഖ് ആലത്തോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഉപയോഗം വഴി വഖ്ഫായ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കാന്‍ പറ്റില്ലെന്ന് അഡ്വ. ഷാറൂഖ് ആലം പറഞ്ഞു. ''കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് പോര്‍ട്ടല്‍ രൂപീകരിച്ചു. ഉപയോഗം വഴി വഖ്ഫായത് അടക്കമുള്ള എല്ലാ സ്വത്തുക്കളും അതില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പറയുന്നു. എന്നാല്‍, അതിലെ നിബന്ധനകള്‍ പ്രകാരം ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല.''-അഡ്വ. ഷാറൂഖ് ആലം വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി അപേക്ഷ നല്‍കിയിട്ടും ഹരജി ലിസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി രജിസ്ട്രി തയ്യാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആറുമാസം സമയം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും സമയം അതിവേഗം പോവുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ആ വിഷയവും മുഖ്യ ഹരജിക്കൊപ്പം പരിഗണിക്കുമെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.