ബൈബിള്‍ നശിപ്പിക്കാന്‍ ഹിന്ദുത്വരുടെ ആഹ്വാനം: നടപടി വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി; മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം

Update: 2025-07-22 07:05 GMT

ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. പോലിസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഹരജിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തെലങ്കാനയിലെ ശിവശക്തി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുകയാണെന്നും ബൈബിള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ജോഷുവ ഡാനിയല്‍ എന്നയാളാണ് ഹരജി നല്‍കിയത്.

ശിവശക്തി ഫൗണ്ടേഷന്‍, ഹിന്ദു ജനശക്തി എന്നീ സംഘടനകളും പ്രസിഡന്റ് രാധാ മനോഹര്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. ബൈബിളില്‍ മൂത്രമൊഴിക്കാന്‍ രാധാ മനോഹര്‍ ദാസ് അനുയായികളോട് ആവശ്യപ്പെട്ടെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റും നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം.