'' പ്രായപൂര്‍ത്തിയാവാത്ത കാലത്തെ 'പീഡനത്തെ' അതിജീവിത കുറ്റകൃത്യമായി കാണുന്നില്ല; 'പ്രതിയെ' വിവാഹവും കഴിച്ചു'', യുവാവിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ ശേഷം അതിജീവിതയെ വിവാഹം കഴിച്ച യുവാവിന്റെ ശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി മരവിപ്പിച്ചു. പ്രണയത്തിലുണ്ടായ ബന്ധത്തിന്റെ പേരിലാണ് വീട്ടുകാരുടെ പരാതിയില്‍ 24 വയസുള്ള യുവാവിനെതിരെ പോലിസ് കേസെടുത്തിരുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ 'സമ്മതം' നിയമപരമായി നിലനില്‍ക്കില്ലായിരുന്നു. അതിനാല്‍ വിചാരണക്കോടതി യുവാവിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു.
പക്ഷേ, അതിജീവിതക്ക് പ്രായപൂര്‍ത്തിയായപ്പോള്‍, ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് അവളെ വിവാഹം കഴിച്ചു. ഇപ്പോള്‍ അതിജീവിതയും യുവാവും കുഞ്ഞും കുടുംബമായി കഴിഞ്ഞുവരികയാണ്. വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയെങ്കിലും ചില പരാമര്‍ശങ്ങള്‍ നടത്തി. പ്രായപൂര്‍ത്തിയാവാത്തവര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗികതാല്‍പര്യങ്ങള്‍ അടക്കാന്‍ പടിക്കണമെന്നും മറ്റുമായിരുന്നു പരാമര്‍ശങ്ങള്‍. കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാലിക്കേണ്ട കാര്യങ്ങളുടെ ഒരു പട്ടികയും നല്‍കി. ഇത് ചര്‍ച്ചയായതോടെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. അപ്പോള്‍ വിവാഹകാര്യം ചൂണ്ടിക്കാട്ടി ഭാര്യയും അപേക്ഷ ഫയല്‍ ചെയ്തു.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മാനസികാരോഗ്യവിദഗ്ധര്‍ അടങ്ങുന്ന വിദഗ്ധ സംഘം പെണ്‍കുട്ടിയുടെ നിലവിലെ മാനസിക, ജീവിത സാഹചര്യങ്ങള്‍ പരിശോധിച്ചു. അവരുടെകൂടി അഭിപ്രായം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. യുവാവുമായി അതിജീവിതയ്ക്ക് ഇപ്പോഴുള്ള വൈകാരിക ബന്ധവും ജീവിതസാഹചര്യങ്ങളും പരിഗണിച്ചാണ് ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് വിധി പുറപ്പെടുവിച്ചത്. പ്രതിയുടേത് നിയമപ്രകാരം കുറ്റകൃത്യമാണെങ്കിലും അതിജീവിത ഇപ്പോള്‍ അതിനെ അങ്ങനെ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
''നിയമപ്രകാരം യുവാവ് ചെയ്തത് കുറ്റകൃത്യമാണ്. പക്ഷേ, ഇര അതൊരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടില്ല. കുറ്റകൃത്യമല്ല ഇരയ്ക്ക് ആഘാതമുണ്ടാക്കിയത്. യുവാവിനെ ശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോലിസുമായും നിയമവ്യവസ്ഥയുമായും നടത്തിയ പോരാട്ടമാണ് അവള്‍ക്ക് മാനസിക ആഘാതമുണ്ടാക്കിയത്''-കോടതി ചൂണ്ടിക്കാട്ടി. നീണ്ട നിയമനടപടികളാണ് കുറ്റകൃത്യത്തേക്കേള്‍ അതിജീവിതയെ ബാധിച്ചതെന്ന് കോടതി വിലയിരുത്തി. ''സമൂഹം അവളെ വിധിയെഴുതി, നിയമ വ്യവസ്ഥ അവളെ പരാജയപ്പെടുത്തി, കുടുംബം അവളെ ഉപേക്ഷിച്ചുപോയി''കോടതി ചൂണ്ടിക്കാട്ടി.
