മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം; യുപി ഡിഐജിയുടെ ശബ്ദ പരിശോധന നടത്തണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപണമുള്ള ഉത്തര്‍പ്രദേശ് പോലിസിലെ ഡിഐജിയുടെ ശബ്ദ പരിശോധന നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. സഞ്ജീവ് ത്യാഗി എന്ന ഉദ്യോഗസ്ഥന്റെ ശബ്ദമാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. 2020ല്‍ കൊവിഡ് കാലത്താണ് സഞ്ജീവ് ത്യാഗിയുടേതെന്ന് സംശയിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയായ 73കാരനായ ഇസ്‌ലാമുദ്ദീന്‍ അന്‍സാരി എന്നയാള്‍ ഈ ഓഡിയോ സന്ദേശം ത്യാഗിക്ക് അയച്ചു നല്‍കി അതിന്റെ വസ്തുത ചോദിച്ചു. വസ്തുത പറയുന്നതിന് പകരം അന്‍സാരിക്കെതിരേ കേസെടുക്കുകയാണ് പോലിസ് ചെയ്തത്. വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നായിരുന്നു കേസ്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലിസ് ഡെറാഡൂണില്‍ പോയി അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തു. ബിജ്‌നോറില്‍ എത്തിച്ച അന്‍സാരിയെ കേസില്‍ പ്രതിയാക്കി കുറ്റപത്രം നല്‍കി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്‍സാരി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. അന്‍സാരിക്കെതിരായ കേസ് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പറഞ്ഞു. ഇതോടെ കേസ് പിന്‍വലിക്കുകയാണെന്ന് പോലിസ് കോടതിയെ അറിയിച്ചു. കേസ് പിന്‍വലിച്ച് ജനുവരി 12നകം റിപോര്‍ട്ട് നല്‍കാന്‍ കോടതിയും പോലിസിന് നിര്‍ദേശം നല്‍കി. കൂടാതെ ശബ്ദ സന്ദേശം ഫോറന്‍സിക് പരിശോധന നടത്തി റിപോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. സന്ദേശത്തിലെ ശബ്ദം ത്യാഗിയുടേതാണെങ്കില്‍ നടപടിയുണ്ടാവും.