ത്വലാഖ് ഇ ഹസന്‍: അഞ്ചംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രിംകോടതി

Update: 2025-11-19 13:45 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളിലെ വിവാഹമോചന രീതിയായ ത്വലാഖ് ഇ ഹസന്റെ നിയമസാധുത അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന് സുപ്രിംകോടതി. മാസത്തിലൊരിക്കല്‍ വീതം ത്വലാഖ് ചൊല്ലി മൂന്നുമാസത്തില്‍ വിവാഹമോചനം ഉറപ്പാക്കുന്ന രീതി ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്നാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ''ഇത് സമൂഹവുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാല്‍ ചില നടപടികള്‍ ആവശ്യമാണ്. വിവേചനപരമായ ആചാരങ്ങളുണ്ടെങ്കില്‍ കോടതി ഇടപെടണം.''-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തലാഖ് ഇ ഹസന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫെമിനിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ബേനസീര്‍ ഹീന നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കാരണം പോലും പറയാതെ വിവാഹമോചനം നേടാനുള്ള വ്യവസ്ഥകള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയാണ് കോടതിയുടെ ഇടപെടല്‍.