''എന്‍ഐഎ കേസുകളിലെ വിചാരണ വൈകുന്നു; ആരോപണ വിധേയര്‍ക്ക് ജാമ്യം നല്‍കേണ്ടി വരും'': സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ഐഎ കേസുകളിലെ വിചാരണ വൈകുകയാണെന്നും ആരോപണവിധേയരെ അനന്തമായി തടവിലാക്കാനാവില്ലെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിച്ചില്ലെങ്കില്‍ വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കുഴി ബോംബ് സ്ഥാപിച്ച് 15 പോലിസുകാരെ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള കൈലാഷ് രാംചന്ദാനി എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
''സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ ഫലപ്രദമായ സംവിധാനം ഒരുക്കാത്തപ്പോള്‍, ആരോപണ വിധേയരെ എത്ര കാലം കസ്റ്റഡിയില്‍ വയ്ക്കണം?. ഈ കേസില്‍ തന്നെ ജാമ്യഹരജി അടുത്ത വാദം കേള്‍ക്കലില്‍ വിശദമായി പരിശോധിക്കും. ഇത് കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനുമുള്ള അവസാന അവസരമാണ്.''-കോടതി പറഞ്ഞു.
മറ്റേതെങ്കിലും കോടതികളെ എന്‍ഐഎ കോടതിയാക്കി മാറ്റുന്നത് ആ കോടതികളില്‍ കേസുള്ളവരെ ബാധിക്കും. ചെറിയ അടിപിടികള്‍, ദാമ്പത്യതര്‍ക്കങ്ങള്‍ എന്നിവയിലെ ആരോപണവിധേയരെ എന്‍ഐഎ കേസുകള്‍ക്ക് വേണ്ടി ബലിയാടാക്കാന്‍ സാധിക്കില്ല. ആളുകള്‍ അനന്തമായി ജയിലില്‍ കിടക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വിശദീകരിച്ചു.