ഭാനു മുഷ്താഖ് മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യരുതെന്ന ഹരജി സുപ്രിംകോടതി തള്ളി

Update: 2025-09-19 15:18 GMT

ന്യൂഡല്‍ഹി: എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ ഭാനു മുഷ്താഖ് മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി സുപ്രിംകോടതിയും തള്ളി. മറ്റൊരു മതത്തില്‍ ഉള്‍പ്പെട്ട വ്യക്തി ദസറ ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ച് എച്ച് എസ് ഗൗരവ് എന്നയാളാണ് ഹരജി നല്‍കിയത്. എന്താണ് രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖത്തിലുള്ളതെന്ന് ഹരജി തള്ളി ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഹരജിക്കാരനോട് ചോദിച്ചു. മൈസൂര്‍ ദസറ സര്‍ക്കാരാണ് നടത്തുന്നത്. സര്‍ക്കാരിന് പൗരന്‍മാരെ എയും ബിയും സിയുമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ക്ഷേത്രത്തിലെ പൂജ മതേതര കാര്യമല്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. അതിനാല്‍ ഭാനുവിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും ഹരജിക്കാരന്‍ വാദിച്ചു. കേസ് തള്ളിയെന്ന് മൂന്നുതവണ പറഞ്ഞുകഴിഞ്ഞെന്നും ഇനിയും ആവര്‍ത്തിപ്പിക്കരുതെന്നും കോടതി ഇതിന് മറുപടി നല്‍കി.