ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍; മറ്റൊരു ഗ്രാമത്തില്‍ സംസ്‌കരിക്കണമെന്ന് ഉത്തരവിട്ട് സുപ്രിംകോടതി
സംസ്ഥാനത്ത് ചില വിഭാഗങ്ങള്‍ വിവേചനം നേരിടാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് സര്‍ക്കാരിന്റെ നിലപാട് കാണിക്കുന്നത്.
ന്യൂഡല്‍ഹി: ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി തേടി യുവാവ് നല്‍കിയ ഹരജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് സുപ്രിംകോടതി. എന്നിരുന്നാലും ജനുവരി ഏഴു മുതല്‍ മൃതദേഹം മോര്‍ച്ചറിയില്‍ ആയതിനാല്‍ 20-25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
2025 ജനുവരി ഏഴിനാണ് ഹരജിക്കാരനായ രമേശ് ഭാഗെലിന്റെ പിതാവും പാസ്റ്ററുമായ സുഭാഷ് ഭാഗെല്‍ പ്രായാധിക്യം മൂലം മരിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ കുടുംബവും ബന്ധുക്കളും തീരുമാനിച്ചു. ഇത് അറിഞ്ഞ ഒരു വിഭാഗം ഗ്രാമീണര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ മൃതദേഹവുമായി കുടുംബം വീട്ടിലേക്ക് പോയി. വീട്ടില്‍ കുഴികുത്തി സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതിനേയും ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഗ്രാമത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.
ഇവര്‍ കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പക്ഷേ, മൃതദേഹം എത്രയും വേഗം ഗ്രാമത്തിന് പുറത്തുകൊണ്ടുപോവണമെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ കേസെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് രമേശ് ഭാഗെല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നാട്ടുകാരുടെ നിലപാട് തന്നെയാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
രമേശ് ഭാഗെലിന്റെ പിതാവിന്റെ അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച് ബെഞ്ചില്‍ അഭിപ്രായ ഭിന്നതയുള്ളതായി സുപ്രിംകോടതി വിധി പറയുന്നു. ഭരണഘടനാ ബെഞ്ചിന് വിടേണ്ട കേസാണെങ്കിലും മൃതദേഹം ജനുവരി ഏഴുമുതല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. രമേശ് ഭാഗെലിന്റെ വീട്ടില്‍ നിന്നും 20-25 കിലോമീറ്റര്‍ അകലെയുള്ള കര്‍ക്കപാല്‍ ഗ്രാമത്തിലെ ക്രിസ്ത്യന്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനാണ് നിര്‍ദേശം.
ഗ്രാമതലത്തില്‍ പരിഹരിക്കാമായിരുന്ന പ്രശ്‌നത്തിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യത്യസ്തമായ നിറം നല്‍കിയതായും ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയില്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ചില വിഭാഗങ്ങള്‍ വിവേചനം നേരിടാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് സര്‍ക്കാരിന്റെ നിലപാട് കാണിക്കുന്നത്.
