ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദില്‍ ബസന്ത പഞ്ചമി പൂജ നടത്താമെന്ന് സുപ്രിംകോടതി. ജനുവരി 23ന് വെള്ളിയാഴ്ച മസ്ജിദില്‍ പൂജന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ അപേക്ഷയിലാണ് ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വെള്ളിയാഴ്ച നിസ്‌കാരവും പൂജയും സമാധാനമായി നടക്കണമെന്നും കോടതി നിര്‍ദേശിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിയില്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍, 2003ലെ കരാര്‍ പ്രകാരം ചൊവ്വാഴ്ച ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താം. വെള്ളിയാഴ്ച മുസ്‌ലിംകള്‍ക്കും പ്രാര്‍ത്ഥന നടത്താം. എന്നാല്‍, ജനുവരി 23ന് മുഴുവന്‍ ദിവസവും പൂജ നടത്തണമെന്നാണ് ഹിന്ദു ഫ്രണ്ട് ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് മുസ്‌ലിംകള്‍ നിസ്‌കരിക്കുകയെന്നും അതിന് ശേഷം പ്രാര്‍ത്ഥനകള്‍ ഇല്ലെന്നും മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ച നിസ്‌കാരം വൈകീട്ട് അഞ്ചിന് ശേഷം നടത്തണമെന്ന് ഹിന്ദുത്വ സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. വെള്ളിയാഴ്ച നിസ്‌കാരത്തിന്റെ സമയം മാറ്റാനാവില്ലെന്ന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. നിസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണം മസ്ജിദ് കമ്മിറ്റി നല്‍കുകയാണെങ്കില്‍ അതിന് അനുസരിച്ച് സൗകര്യം ഒരുക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. നിസ്‌കരിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇന്നുതന്നെ നല്‍കാമെന്ന് ഖുര്‍ഷിദ് അറിയിച്ചു. തുടര്‍ന്ന്, പള്ളിയിലെ പ്രത്യേക സ്ഥലത്ത് ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ നിസ്‌കാരം നടക്കുമെന്ന് കോടതി രേഖപ്പെടുത്തി. കൂടാതെ പൂജ നടത്താനായി പ്രത്യേക സ്ഥലവും നിശ്ചയിച്ചു.
മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ മൗലാനാ കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹരജിയിലാണ് ഹിന്ദുത്വര്‍ പൂജയ്ക്കായി അപേക്ഷ നല്‍കിയത്. മസ്ജിദില്‍ സര്‍വേ തുടരാമെന്ന് 2024ല്‍ സുപ്രിംകോടതി പറഞ്ഞിരുന്നു. സര്‍വേ റിപോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയിലെ കേസ് അവിടത്തെ മുതിര്‍ന്ന ജഡ്ജിമാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.
