ഹിജാബ് നിരോധന ഉത്തരവിനെതിരായ ഹരജികള്‍ സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

ഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടി

Update: 2022-07-13 10:01 GMT

ന്യൂഡല്‍ഹി:കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും.ഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടി.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഹിജാബ് നിരോധന ഉത്തരവ് ശരിവച്ച് മാര്‍ച്ച് 15ന് ആണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്.ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. ഇതിന് എതിരെ നിരവധി ഹരജികള്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങി പല സംഘടനകളും ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ തന്നെ പരാതി ഫയല്‍ ചെയ്‌തെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് വാദിഭാഗത്തിനായി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചത്.ഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു.









Tags: