ഗ്വാളിയോര്‍ ദര്‍ഗയില്‍ ഉറൂസ് നടത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി

Update: 2025-09-30 07:36 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹസ്‌റത്ത് ശെയ്ഖ് മുഹമ്മദ് ഗൗസ് ദര്‍ഗയില്‍ ഉറൂസ് നടത്താമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1962ല്‍ ദര്‍ഗയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഉറൂസ് അടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹസ്‌റത്ത് ശെയ്ഖ് മുഹമ്മദ് ഗൗസിന്റെ അനന്തരാവകാശി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് പ്രത്യേക അപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍, അവര്‍ അപേക്ഷ തള്ളി. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ക്രി.ശേ 1500ല്‍ ജനിച്ച ഹസ്‌റത്ത് ശെയ്ഖ് മുഹമ്മദ് ഗൗസ് സൂഫി പണ്ഡിതനും സംഗീതജ്ഞനുമായിരുന്നു. അഞ്ച് രത്‌നങ്ങള്‍ എന്ന പ്രശസ്ത കൃതിയും അദ്ദേഹത്തിന്റേതാണ്. തന്റെ അമ്പതാം വയസില്‍ അഹമദാബാദിലേക്ക് പോയ ശെയ്ഖ് അവിടെ ഏക് തോഡ പള്ളിയും സ്ഥാപിച്ചു.