ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണം: സുപ്രീം കോടതി അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും വസ്തുതാന്വേഷണം നടത്തി

ത്രിപുരയിലെ 51 സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത്തരം പ്രകടനങ്ങള്‍ക്ക് ശേഷമാണ് ആക്രമണങ്ങളുണ്ടായത്

Update: 2021-11-02 04:46 GMT

അഗര്‍ത്തല: ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ കുറിച്ച് സുപ്രീം കോടതി അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും സംയുക്തമായി വസ്തുതാന്വേഷണം നടത്തി. അന്വേണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ മുന്‍ നിര്‍ത്തി രാഷ്ട്രപതി, സുപ്രീകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് വക്താവ് പറഞ്ഞു. സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇത്തരം ഭീകരമായ ആക്രമണങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരായി സംഭവിക്കുന്നതില്‍ നിന്ന് രക്ഷിക്കാമായിരുന്നു എന്ന് അക്രമസംഭവത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നതായി സംഘം കണ്ടെത്തി. സര്‍ക്കാറിന്റെ പൂര്‍ണ പരാജയമാണ് ഇവിടെ വ്യക്തമാകുന്നത്. സര്‍ക്കാരിന്റെയും ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അക്രമികളെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്.


കലാപ ബാധിത പ്രദേശങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയാണ്സുപ്രീം കോടതി അഭിഭാഷകരുടെയും മനുഷ്യാവകാശ സംഘടനകളുടെയും സംയുക്ത അന്വേഷണ സംഘം വസ്തുതാന്വേഷണണം നടത്തി പ്രാഥമിക വസ്തുതകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. അന്വേഷണ സംഘം പീഡനത്തിനും ആക്രമണത്തിനും ഇരയായ കക്ഷികളെ കാണുകയും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും വസ്തുതകളും ശേഖരിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ത്രിപുരയിലെ 51 സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത്തരം പ്രകടനങ്ങള്‍ക്ക് ശേഷമാണ് ആക്രമണങ്ങളുണ്ടായത്.അന്വേഷണ സംഘത്തിന് വ്യക്തമായ വസ്തുതകള്‍ പ്രധാനമായും സൂചിപ്പിക്കുന്നത് സര്‍ക്കാര്‍ കൃത്യസമയത്ത് ഉചിതമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍, സംഭവം ഇത്ര ഭയാനകമാകില്ല എന്നതരത്തിലാണ്.

അന്വേഷണ സംഘം ഉടന്‍ ഡല്‍ഹിയില്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്രസിഡന്റ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് അയയ്ക്കുമെന്നും അവര്‍ പറഞ്ഞു.

സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഇഹ്തിസാം ഹാഷ്മി, ലോയേഴ്‌സ് ഫോര്‍ ഡെമോക്രസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം അഡ്വ. അമിതശ്രീവാസ്തവ്, എന്‍സിഎച്ച്ആര്‍ഒ സെക്രട്ടറി അഡ്വ.അന്‍സാര്‍ ഇന്‍ഡോറി, സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, ഡിഇഎല്‍എച്ച്‌ഐ എന്നിവയുടെം പ്രതിനിധകള്‍ തുടങ്ങിയവരാണ്് സംയുക്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News