കുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ നേതാവിനെതിരേ കേസ്
ഉഡുപ്പി: കുഞ്ഞാലു പ്രദേശത്ത് പശുവിനെ ചിലര്‍ കൊന്നതുമായി ബന്ധപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ വര്‍ഗീയ പ്രചാരണങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നേരിട്ടതിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റിയാസ് കടമ്പുവിനെതിരേ പോലിസ് കേസെടുത്തു. ഉഡുപ്പി ടൗണ്‍ പോലിസാണ് സ്വമേധയാ കേസെടുത്തത്. പശുക്കശാപ്പിന്റെ മറവില്‍ സംഘപരിവാരവും ബിജെപിയും സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിയാസ് പറഞ്ഞത്. ഇത് സമൂഹത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ കാരണമാവുന്നുവെന്ന് പോലിസ് ആരോപിച്ചു.
കുഞ്ഞാലു പ്രദേശത്ത് പശുവിന്റെ തലയും മറ്റും കണ്ടെത്തിയത് ഹിന്ദുത്വര്‍ വലിയ പ്രശ്‌നമാക്കി അവരിപ്പിച്ചിരുന്നു. പ്രതികളെ അതിവേഗം കണ്ടെത്തണമെന്ന് മുസ്‌ലിം സംഘടനകള്‍ പോലിസിനോട് ആവശ്യപ്പെടുകയുമുണ്ടായി. തുടര്‍ന്ന് നാല് പ്രത്യേക സംഘങ്ങളെയാണ് കേസ് അന്വേഷണത്തിന് പോലിസ് നിയോഗിച്ചത്. രാം(49), പ്രസാദ്(21), സന്ദേശ്(35), രാജേഷ്(28), നവീന്‍(35), കേശവ് നായ്ക്(50) എന്നിവര്‍ അറസ്റ്റിലായി. കേശവ് നായ്ക്കിന്റെ ഒര വയസ് പ്രായമുള്ള പശുവിനെയാണ് എല്ലാവരും കൂടി കശാപ്പ് ചെയ്തതെന്നും പോലിസ് കണ്ടെത്തി. പശുവിനെ നോക്കാന്‍ തനിക്ക് മടിയാണെന്ന് പറഞ്ഞാണ് കേശവ് നായ്ക് അതിനെ മറ്റു പ്രതികള്‍ക്ക് കൈമാറിയത്. അവര്‍ അതിനെ കശാപ്പ് ചെയ്തു ഭക്ഷണമാക്കി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ കളയാന്‍ കൊണ്ടുപോവുമ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. ഈ അവശിഷ്ടങ്ങളെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഹിന്ദുത്വര്‍ ഉപയോഗിച്ചത്.
