പെരുന്ന: എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ഐക്യനീക്കത്തിനു പിന്നാലെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്‍എസ്എസുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ചനടത്തുമെന്നു പറഞ്ഞതിനുശേഷം പുരസ്‌കാരം വന്നതിലാണ് സംശയം തോന്നിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സംശയം തോന്നാതിരിക്കുന്നത് എങ്ങനെയാണ്. എന്‍ഡിഎ പ്രമുഖന്‍ ചര്‍ച്ചയ്ക്കുംകൂടി വരുമ്പോള്‍ എന്തോ തരികിട തോന്നി. ഞങ്ങള്‍ തീരുമാനം മാറ്റി. ഈ തീരുമാനം പുനപരിശോധിക്കില്ല. എസ്എന്‍ഡിപി യോഗം അടക്കമുള്ള എല്ലാ സമുദായസംഘടനകളോടും സൗഹാര്‍ദമുണ്ടാകും. പക്ഷേ, ഐക്യനീക്കം ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യത്തെപ്പറ്റി സംസാരിക്കാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയുടെ മകനെ വിടുമെന്നാണല്ലോ പറഞ്ഞത്. അദ്ദേഹം എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. ഞങ്ങള്‍ക്ക് ഇതില്‍ രാഷ്ട്രീയമില്ല. അതിനാല്‍ വിടേണ്ടത് രാഷ്ട്രീയചുമതല വഹിക്കുന്ന ആളിനെ അല്ലല്ലോ. അപ്പോള്‍ അതില്‍ അടിയൊഴുക്കുണ്ടെന്നു തോന്നി. വിശകലനംചെയ്തപ്പോഴാണ് അവര്‍ ബിജെപിയുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയത്. എന്‍എസ്എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കുമില്ല. അതിനാല്‍ ഞാന്‍തന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ ഈ അഭിപ്രായം അറിയിക്കുകയും അവര്‍ അംഗീകരിക്കുകയുംചെയ്തു. ചര്‍ച്ചയ്ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിതന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവസംഘടനകള്‍ എന്നനിലയില്‍ സ്വാഗതംചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടംവരാത്തവിധം യോജിക്കാം എന്നാണു കരുതിയത്. വാര്‍ത്തകള്‍വഴി അറിഞ്ഞതുപ്രകാരമാണ് അങ്ങനെ ഞാന്‍ പ്രതികരിച്ചത്. 21ന് യോഗം ചേരും എന്നും അവര്‍ പറഞ്ഞു. 21ന് യോഗം ചേര്‍ന്നു. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്നു തോന്നി. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതില്‍ ആക്ഷേപമില്ലെന്നും തെറ്റിപ്പോയി എന്നു പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിചേര്‍ത്തു.
