ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകന്‍
ധര്‍മസ്ഥല: കര്‍ണാടകത്തിലെ ധര്‍മസ്ഥലയിലെ കൊടുംവനത്തില്‍ നിരവധി ശവസംസ്‌കാര കേന്ദ്രങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകന്‍. 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഡ്വ. എന്‍ മഞ്ജുനാഥാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ശവസംസ്‌കാര കേന്ദ്രങ്ങള്‍ കൊടുംവനത്തിന് അകത്താണെന്നും സാധാരണഗതിയില്‍ പഞ്ചായത്തുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്താറില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
1980കള്‍ മുതല്‍ ശവസംസ്‌കാരം നിയമപരമായാണ് നടത്താറെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ റാവു അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇത് തെറ്റാണെന്നാണ് ഇന്നലെ നടന്ന സ്ഥലം പരിശോധനാ ഫലങ്ങള്‍ പറയുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
'' നേത്രാവതി നദിയുടെ തീരത്തെ അപകടകരമായ സ്ഥലങ്ങളില്‍ ശവക്കുഴികളുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ രാജ്യത്തെ ഒരു പഞ്ചായത്തും ശവസംസ്‌കാരം നടത്തുന്നുണ്ടാവില്ല. മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്ത് പരിശോധന നടത്തണമെങ്കില്‍ എങ്ങനെയാണ് ഈ സ്ഥലങ്ങളിലേക്ക് പോവാന്‍ സാധിക്കുക. മുന്‍ ശുചീകരണ തൊഴിലാളി പോലിസിന് കാണിച്ചുകൊടുത്ത ശവസംസ്‌കാര സ്ഥലങ്ങളൊന്നും പഞ്ചായത്ത് രേഖകളില്‍ ശവസംസ്‌കാര കേന്ദ്രങ്ങളല്ല. ആരാണ് ഇത്തരം കേന്ദ്രങ്ങള്‍ നടത്താന്‍ റാവുവിനെ പ്രേരിപ്പിച്ചത് എന്ന് കണ്ടെത്തണം.''-അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ റാവുവിനെ അറസ്റ്റ് ചെയ്യണമെന്നും അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. കൊലപാതകങ്ങളിലും മൂടിവയ്ക്കലുകളിലും അയാള്‍ക്ക് ബന്ധമുണ്ടാവാമെന്നും അഭിഭാഷകന്‍ പറഞ്ഞു.
