പാകിസ്താനില്‍ സൈനികതാവളത്തിന് നേരെ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Update: 2025-03-05 02:02 GMT

പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നു പ്രദേശത്തെ സൈനികതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച് എത്തിയ രണ്ട് കാറുകള്‍ സൈനികതാവളത്തിന്റെ മതിലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മതിലില്‍ വിള്ളലുണ്ടായപ്പോള്‍ ആറോളം പേര്‍ സൈനികത്താവളത്തില്‍ കയറി ആക്രമണം നടത്തി. ഇവരെയെല്ലാം കൊലപ്പെടുത്തിയെന്ന് പാകിസ്താന്‍ സൈന്യം അറിയിച്ചു.

ജയ്ശ് അല്‍ ഫുര്‍സാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി പോലിസ് അറിയിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി ഡോ. അഹമദ് ഫറാസ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പ്രദേശത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.