നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍, കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Update: 2025-12-28 03:54 GMT

ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ കാണാതായ ആറുവയസുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്നും ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ ഇളയമകന്‍ ആറു വയസ്സുകാരന്‍ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയില്‍ ജോലിചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോള്‍ അന്വേഷിക്കുകയായിരുന്നു. വഴക്കുകൂടിയതിനെത്തുടര്‍ന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരന്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.