പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോള്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി

Update: 2025-06-12 03:48 GMT

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോദസ്ഥ സ്ഥലം മാറിയപ്പോള്‍ സെക്രട്ടറിയേറ്റിലെ ഓഫിസില്‍ 'ശുദ്ധികലശം' നടത്തിയെന്ന് പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റിവ് വിജിലന്‍സ് സെല്ലില്‍ ഓഫിസ് അറ്റന്‍ഡന്റായിരിക്കെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കുറവര്‍ സമുദായത്തില്‍പെട്ട കോന്നി സ്വദേശിനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനെതിരെയാണ് എസ്‌സിഎസ്ടി കമ്മിഷനു പരാതി നല്‍കിയത്. കോന്നി സ്വദേശിനി ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്കു സ്ഥലംമാറിയപ്പോള്‍ താനുപയോഗിച്ച മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തിയെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞതായാണു പരാതി. ഏപ്രില്‍ ഒന്നിനാണു സ്ഥലംമാറ്റമായതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. മറന്നുവച്ച ബാഗ് എടുക്കാന്‍ പഴയ ഓഫിസില്‍ ചെന്നപ്പോഴാണു തനിക്കെതിരെ സഹപ്രവര്‍ത്തകരോടു ശുദ്ധികലശം പരാമര്‍ശം നടത്തിയത്. ഇക്കാര്യം താന്‍ കേട്ടുവെന്നും പരാതിയിലുണ്ട്.ഈ പരാതി പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. സെക്രട്ടറി 20 ദിവസത്തില്‍ റിപോര്‍ട്ട് നല്‍കണം.