സുഡാന്‍ പ്രതിസന്ധി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റാലി

സുഡാനിലെ ഭരണ കൂടത്തെ അട്ടിമറിച്ച് നേതാക്കളെ തടവില്ലിട്ടുകൊണ്ടാണ് സൈനിക മേധാവി ഫത്ഹ് അല്‍ ബുര്‍ഹാന്‍ അധികാരം കയ്യടക്കിയിരിക്കുന്നത്

Update: 2021-11-02 05:46 GMT

ഖാര്‍ത്തൂം: സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനും സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള സൈനിക സര്‍ക്കാറിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ വന്‍ റാലികള്‍ നടന്നു. സൈനിക അട്ടിമറിയില്‍ പ്രതിഷേധിച്ച് റാലി നടത്തിയ ജനക്കൂട്ടത്തിനു നേരെയുണ്ടായ സൈനിക ആക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രകടനങ്ങള്‍ നടക്കുന്നത്. ഇവ്വിഷയകമായി 48 രാജ്യങ്ങള്‍ക്കു വേണ്ടി ബ്രിട്ടീഷ് അംബാസഡര്‍ സിമോണ്‍ മാന്‍ലി, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രസിഡന്റിന് കത്ത് നല്‍കി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അടിയന്തിര പ്രാധാന്യത്തോടെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് നിവേദനം ആവശ്യപ്പെട്ടു.


ഒക്ടോബര്‍ 25ന് സൈന്യം അധികാരം കൈക്കലാക്കിയ ശേഷമുള്ള സുഡാനിലെ സ്ഥിതിഗതികള്‍ അത്യന്തം ദുഷ്‌കരമാണെന്ന് ബ്രിട്ടീഷ് പ്രതിനിധി പറയുന്നു. സുഡാനിലെ ഭരണ കൂടത്തെ അട്ടിമറിച്ച് നേതാക്കളെ തടവില്ലിട്ടുകൊണ്ടാണ് സൈനിക മേധാവി ഫത്ഹ് അല്‍ ബുര്‍ഹാന്‍ അധികാരം കയ്യടക്കിയിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം പ്രിതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ്. സൈനിക അട്ടിമറിയെ തുടര്‍ന്ന തടവിലായിരുന്ന സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ കഴിഞഅഞ ദിവസം മോചിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വീണ്ടു അറസ്റ്റ്‌ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.


സുഡാനിലെ തെരുവുകളില്‍ പലയിടത്തും സൈന്യത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. 47 അംഗ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ 18 അംഗരാജ്യങ്ങള്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനത്തില്‍ഒപ്പിട്ടിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, നോര്‍വേ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ നിലപാടെടുക്കണമെന്നാണ് ബ്രിട്ടീഷ് അംബാസഡര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.

Tags: