''വാഹനാപകടങ്ങളില്‍ വിദ്യാര്‍ഥികളുടെ വരുമാനം പൂജ്യമായി കാണരുത്''; നഷ്ടപരിഹാരം രണ്ടരലക്ഷത്തില്‍ നിന്നും 16 ലക്ഷമാക്കി അലഹബാദ് ഹൈക്കോടതി
അലഹബാദ്: വാഹനാപകടങ്ങളില്‍ ഇരകളാവുന്ന വിദ്യാര്‍ഥികളുടെ വരുമാനം പൂജ്യമായി കാണരുതെന്ന് അലഹബാദ് ഹൈക്കോടതി. വാഹനാപകടത്തില്‍ മരിച്ചത് വിദ്യാര്‍ഥിയായതിനാല്‍ 2.6 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്‍കിയ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 16 ലക്ഷം രൂപ നല്‍കാനും ജസ്റ്റിസ് സന്ദീപ് ജെയ്ന്‍ ഉത്തരവിട്ടു. വരുമാനത്തിന്റെ ഔപചാരികമായ തെളിവുകളുടെ അഭാവം മരിച്ച യുവാവിന്റെ വരുമാന ശേഷിയെ അവഗണിക്കുന്നതിന് ന്യായീകരണമല്ലെന്ന് നിരീക്ഷിച്ച കോടതി, അത്തരം കേസുകളില്‍, അപകട സമയത്ത് സംസ്ഥാനത്തെ ഒരു അവിദഗ്ധ തൊഴിലാളിക്ക് ബാധകമായ ഏറ്റവും കുറഞ്ഞ വേതനം പ്രയോഗിച്ചുകൊണ്ട് വരുമാനം വിലയിരുത്തണമെന്ന് വിധിച്ചു. മരണപ്പെട്ടയാളുടെ വരുമാനം വിലയിരുത്തുന്നതിലും ഭാവി സാധ്യതകള്‍ കാണുന്നതിലും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയെന്ന് നിരീക്ഷിച്ചു. 2014 ജൂണ്‍ 10ന് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അങ്കിത് എന്ന യുവാവിന്റെ അമ്മ, സഹോദരി, രണ്ട് സഹോദരന്മാര്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.