വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് വേദ അധ്യാപകന്‍ (വീഡിയോ)

Update: 2025-10-21 11:08 GMT

ചിത്രദുര്‍ഗ: വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച് സംസ്‌കൃതം അധ്യാപകന്‍. കര്‍ണാടകയിലെ ശ്രീ ഗുരു തിപ്പെസ്വാമി ക്ഷേത്രത്തിലെ റെസിഡന്‍ഷ്യല്‍ വേദ സ്‌കൂളിലാണ് സംഭവം. വീരേഷ് ഹിരേമത് എന്ന അധ്യാപകനാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടും അധ്യാപകന്‍ ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഗംഗാധര്‍ പോലിസില്‍ പരാതി നല്‍കി. അതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. സ്‌കൂളിന് സമീപം രക്ഷിതാക്കള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു മന്ത്രി ലക്ഷ്മി ഹെബ്ബല്‍ക്കര്‍ പറഞ്ഞു.

''നായകനഹട്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞു. ആരോടും ഒരിക്കലും ഇങ്ങനെ പെരുമാറരുത്, പ്രത്യേകിച്ച് കുട്ടികളോട്. ഈ കേസ് ഞാന്‍ നേരിട്ട് പരിശോധിക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യും. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.''- അവര്‍ പറഞ്ഞു.