ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചെന്ന് ബ്രിട്ടീഷ് പത്രം

ലണ്ടന്‍: ഇസ്രായേലിന്റെ അഞ്ച് സൈനികതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നതായി വെളിപ്പെടുത്തി ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫ്. ഈ വിവരം ഇസ്രായേലി സൈന്യം പുറത്തുവിട്ടില്ലെന്നും റിപോര്‍ട്ട് പറയുന്നു. യുദ്ധമേഖലകളിലെ ബോംബ് സ്‌ഫോടനങ്ങള്‍ പരിശോധിക്കുന്ന യുഎസിലെ ഒറിഗണ്‍ സര്‍വകലാശാലയിലെ വിദഗ്ദരെ ഉദ്ധരിച്ചാണ് പത്രം റിപോര്‍ട്ട് തയ്യാറാക്കിയത്.
വടക്ക്, തെക്ക്, മധ്യ ഇസ്രായേലിലെ അഞ്ച് ഇസ്രായേലി സൈനികതാവങ്ങളെയാണ് ഇറാന്റെ ആറ് മിസൈലുകള്‍ തകര്‍ത്തത്. അതില്‍ ഒന്ന് പ്രധാന വ്യോമസേനാ താവളവും ഇന്റലിജന്‍സ് കേന്ദ്രവുമായിരുന്നു. ആദ്യ ദിനങ്ങളില്‍ ഇറാന്റെ മിസൈലുകളെ ഇസ്രായേലി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. എട്ടാം ദിവസമായപ്പോഴേക്കും മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മുന്നേറാന്‍ തുടങ്ങി. ഇറാന്റെ മിസൈലുകളെ തകര്‍ത്ത് ഇസ്രായേലിനെ സംരക്ഷിക്കാന്‍ 36 താഡ് മിസൈലുകളാണ് യുഎസ് വിക്ഷേപിച്ചത്. ഇതിന് യുഎസിന് 1.2 കോടി ഡോളര്‍ ചെലവ് വന്നു.
ഇറാന്റെ നിരവധി മിസൈലുകള്‍ സൈനികതാവളങ്ങളെ തകര്‍ത്തെന്നാണ് ഇസ്രായേലിലെ ചാനല്‍ പതിമൂന്നിലെ മാധ്യമപ്രവര്‍ത്തകനായ റാവിവ് ഡ്രക്കര്‍ പറഞ്ഞത്. ഇതൊന്നും റിപോര്‍ട്ട് ചെയ്യാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ തന്നെ ഇറാന്റെ മിസൈലുകളുടെ കൃത്യതയെ കുറിച്ചും നാശത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യാനായില്ലെന്നും റാവിവ് പറഞ്ഞു.
അതിവേഗത്തിലുള്ള മിസൈലുകളും പതിയെ സഞ്ചരിക്കുന്ന ഡ്രോണുകളും ഒരേസമയം ഉപയോഗിച്ചാണ് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ടെലിഗ്രാഫിനോട് പറഞ്ഞു. ഭൂഗര്‍ഭ മിസൈല്‍ നഗരങ്ങളെ ഇസ്രായേലിനെതിരെ ഉപയോഗിച്ചില്ലെന്നാണ് ഇറാന്‍ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഫാസ്‌ലി പറഞ്ഞത്. '' ഒരു മിസൈല്‍ നഗരത്തിന്റെ വാതില്‍ പോലും ഞങ്ങള്‍ തുറന്നില്ല.''-അദ്ദേഹം പറഞ്ഞു.


