ഭര്‍ത്താവിന്റെ ബന്ധുക്കളുടെ കൈവശം ഏല്‍പ്പിച്ച സ്വര്‍ണ്ണം അവകാശപ്പെടാന്‍ സ്ത്രീക്ക് കര്‍ശനമായ തെളിവ് ആവശ്യമില്ല: കേരള ഹൈക്കോടതി

Update: 2025-07-10 14:19 GMT

കൊച്ചി: വിവാഹസമയത്ത് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ അവകാശപ്പെടുന്ന സ്ത്രീയില്‍ നിന്ന് കോടതികള്‍ക്ക് കര്‍ശനമായ തെളിവ് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.

''മിക്ക ഇന്ത്യന്‍ വീടുകളിലും, വധു ഭര്‍തൃവീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ വച്ചാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍തൃവീട്ടുകാരെ ഏല്‍പ്പിക്കുന്നത്. പുതുതായി വിവാഹിതയായ ഒരു സ്ത്രീക്ക് ഭര്‍ത്താവിനോ ഭര്‍തൃവീട്ടുകാര്‍ക്കോ ആഭരണങ്ങള്‍ കൈമാറുമ്പോള്‍ രസീതുകളോ സ്വതന്ത്ര സാക്ഷികളോ ആവശ്യപ്പെടാന്‍ കഴിയില്ല. അത്തരം ഇടപാടുകളുടെ ഗാര്‍ഹികവും അനൗപചാരികവുമായ സ്വഭാവം കാരണം രേഖകള്‍ അല്ലെങ്കില്‍ സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാന്‍ അവള്‍ക്ക് കഴിയില്ല.''-ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും പറഞ്ഞു.

ഭര്‍ത്താവ് മരിച്ച യുവതിക്ക് സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാന്‍ നിര്‍ദേശിച്ച കുടുംബകോടതി വിധിയെ ചോദ്യം ചെയ്ത് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭാര്യയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയിരുന്നു. പക്ഷേ, സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ല. അതിനെ ചോദ്യം ചെയ്താണ് ആ സ്ത്രീ കുടുംബകോടതിയെ സമീപിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച, വിവാഹസമയത്തെ ചിത്രങ്ങളും യുവതി കുടുംബകോടതിയില്‍ ഹാജരാക്കി.