സഹപ്രവര്‍ത്തകന്റെ ആത്മഹത്യ: ''കരഞ്ഞത് മതി'' പരിശീലനത്തിന് പോവാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രായേല്‍

Update: 2025-07-21 09:03 GMT

തെല്‍അവീവ്: ഗോലാന്‍ കുന്നുകളിലെ സൈനികതാവളത്തില്‍ ആത്മഹത്യ ചെയ്ത ഇസ്രായേലി സൈനികന്റെ സഹപ്രവര്‍ത്തകരെ മേലുദ്യോഗസ്ഥര്‍ പരിശീലനത്തിന് നിര്‍ബന്ധിച്ചതായി റിപോര്‍ട്ട്. കരച്ചില്‍ മതിയെന്നും പരിശീലനത്തില്‍ പങ്കെടുക്കണമെന്നുമാണ് പറഞ്ഞതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൈനികന്‍ ആത്മഹത്യ ചെയ്ത അതേസ്ഥലത്ത് അന്നുതന്നെ പരിശീലനത്തിന് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

ഗസയില്‍ അധിനിവേശം നടത്തിയിരുന്ന സൈനികനാണ് മടങ്ങിവന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. നഗരയുദ്ധത്തില്‍ പരിശീലനം നല്‍കുന്ന താവളത്തില്‍ ഗാര്‍ഡ് ഡ്യൂട്ടിയാണ് അയാള്‍ക്ക് നല്‍കിയിരുന്നത്. പുലര്‍ച്ചെയായിരുന്നു ആത്മഹത്യ. അയാള്‍ മരിച്ചതിന് ശേഷം മറ്റുസൈനികര്‍ക്ക് അല്‍പ്പസമയം കൗണ്‍സിലിങ് നല്‍കിയിരുന്നു. അതിന് ശേഷം വിഷയത്തില്‍ ആരുമായും സംസാരിക്കരുതെന്ന് നിര്‍ദേശം നല്‍കി. മൃതദേഹം ആദ്യമായി കണ്ടവരെയും പരിശീലനത്തില്‍ പങ്കെടുപ്പിച്ചു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡറാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. '' ഇപ്പോള്‍ നടന്നത് നിസാര സംഭവമാണ്. ഗസയില്‍ ഞാന്‍ മൃതദേഹങ്ങള്‍ തോളില്‍ എടുത്തിട്ടുണ്ട്. ഇവിടെ നടന്നത് അത്ര മോശം കാര്യമൊന്നുമല്ല. കരഞ്ഞത് മതി. പരിശീലനത്തില്‍ പങ്കെടുക്കു.''-കമാന്‍ഡര്‍ പറഞ്ഞതായി സൈന ികര്‍ വെളിപ്പെടുത്തി. ഗസയില്‍ അധിനിവേശം ആരംഭിച്ച ശേഷം ഇസ്രായേലി സൈനികരില്‍ ആത്മഹത്യ വര്‍ധിച്ചുവരുകയാണ്. 2025ല്‍ ഇതുവരെ 21 പേര്‍ ആത്മഹത്യ ചെയ്തു.