ഏഴു വയസുകാരനെ നാലുലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാനച്ചനും കൂട്ടുകാരികളും പിടിയില്‍

Update: 2025-01-23 16:22 GMT

ബെല്‍ഗാം: ഏഴുവയസുകാരനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റ രണ്ടാനച്ചനും കൂട്ടുകാരികളും അറസ്റ്റിലായി. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് സംഭവം. ഹുക്കേരി ടൗണിലെ സുല്‍ത്താന്‍പൂര്‍ പ്രദേശത്തെ സദാശിവ ശിവഭാസപ്പ മഗാദം, ലക്ഷ്മിബാബു ഗോല്‍ബാവി, സംഗീത വിഷ്ണു സാവന്ത്, അനസൂയ ഗിരിമല്ലപ്പ ദോദ്മണി എന്നിവരെയാണ് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതിസങ്കീര്‍ണമായ ഗൂഡാലോചനയാണ് പ്രതികള്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു. വിവാഹമോചിതയായ ഏഴുവയസുകാരന്റെ അമ്മയുമായി സദാശിവയുടെ വിവാഹം നടത്തിയത് ലക്ഷ്മി ബാബുവായിരുന്നു. ദമ്പതികളുടെ സന്തോഷകരമായ ഭാവിജീവിതത്തിന് കുട്ടി തടസമാവുമെന്നും ഞാന്‍ നോക്കിക്കോളാം എന്നും പറഞ്ഞു ലക്ഷ്മി ബാബു കുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് അനസൂയക്ക് കൈമാറി.

അനസൂയയാണ് ബെല്‍ഗാം സ്വദേശിയായ ദില്‍ഷാദ് എന്നയാള്‍ക്ക് കുട്ടിയെ നല്‍കിയത്. അനാഥക്കുട്ടിയാണെന്ന് പറഞ്ഞാണ് കുട്ടിയെ നല്‍കിയത്. രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ള ദില്‍ഷാദ് ഒരു ആണ്‍കുട്ടി കൂടി മകനായി വേണമെന്ന് ആഗ്രഹിച്ചിരുന്നതായി പ്രതികള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, ഈ കുട്ടി അനാഥക്കുട്ടിയാണെന്ന പോലിസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദില്‍ഷാദ് ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ പ്രതികള്‍ വിസമ്മതിച്ചതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അങ്ങനെയാണ് പ്രതികള്‍ പിടിയിലായത്.

ഇതിനിടെ കുട്ടിയെയും സദാശിവയേയും കാണാനില്ലെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയും പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുമ്പോഴാണ് ഇവരെ മറ്റൊരു സ്റ്റേഷനിലെ പോലിസ് പിടികൂടിയ വിവരം അറിയുന്നത്. കുട്ടി ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണുള്ളത്. സദാശിവയെ കൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിപ്പിക്കാന്‍ അനസൂയ ശ്രമിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പ്രദേശത്ത് നടക്കുന്ന കുട്ടി വില്‍പ്പനയാണ് ഇതെന്ന് പോലിസ് പറഞ്ഞു.