വഴിക്കടവ് പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് കൃഷ്ണരാജിനെ നീക്കിയതിന് സ്‌റ്റേ

Update: 2025-09-23 07:31 GMT

കോഴിക്കോട്: ഹിന്ദുത്വവാദിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത മുസ്‌ലിം ലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേ ചെയ്തു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ആര്‍ കൃഷ്ണരാജിനെ ലീഗ് നേതൃത്വത്തിലുള്ള വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി ആദ്യം സ്റ്റാന്റിങ് കോണ്‍സല്‍ ആക്കിയിരുന്നു. ഇത് വിവാദമായതോടെ നീക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പഞ്ചായത്തിന്റെ കേസുകള്‍ നല്ല രീതിയില്‍ കൃഷ്ണരാജ് നടത്തുന്നുവെന്ന് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറി റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി. കൃഷ്ണരാജിനെ തുടരാന്‍ അനുവദിക്കണമെന്ന് മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടറും ശിപാര്‍ശ നല്‍കിയിരുന്നു.

മലപ്പുറം ജില്ലയില്‍ പണ്ട് ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും മറ്റും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നയാളാണ് കൃഷ്ണരാജ്. മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ തടസ ഹരജി നല്‍കിയ കാസ എന്ന സംഘടനക്ക് വേണ്ടി ഹാജരാവുന്നതും കൃഷ്ണരാജാണ്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഡാന്‍സിനെതിരെ കൃഷ്ണരാജ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.