''ബീഫിന്റെ പിന്നാലെ പോവുന്നതിനേക്കള്‍ നല്ല കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുണ്ടാവണം'': അസം സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Update: 2025-02-21 12:34 GMT

ന്യൂഡല്‍ഹി: ബീഫിന്റെ പിന്നാലെ പോവുന്നതിനേക്കള്‍ നല്ല കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാനുണ്ടാവണമെന്ന് സുപ്രിംകോടതി. കന്നുകാലികളുടെ മാംസം പാക്ക് ചെയ്ത് കടത്തിയെന്ന് ആരോപിച്ച് അസം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വെയര്‍ഹൗസ് ഉടമ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ പറഞ്ഞത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതിനാല്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. പാക്ക് ചെയ്ത മാംസം ഏതു മൃഗത്തിന്റേതാണ് എന്ന് തിരിച്ചറിയാന്‍ സാധാരണക്കാരന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

താന്‍ വെയര്‍ഹൗസ് ഉടമയാണെന്നും മാംസം തയ്യാറാക്കുകയോ പാക്ക് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. വന്ന മാംസം മറ്റുള്ളവര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഹരജിക്കാരന്‍ വിശദീകരിച്ചു. ഇത് കോടതി അംഗീകരിച്ചു. ''മാംസം എങ്ങനെയാണ് ബീഫ് ആണെന്ന് ഒരാള്‍ക്ക് അറിയാനാവുക. നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ അത് മനസ്സിലാകില്ല. അതിനാല്‍ തന്നെ അനുമതിയോടെ മാത്രമേ ബീഫ് വില്‍ക്കാവൂ എന്ന അസം കന്നുകാലി സംരക്ഷണ നിയമത്തിലെ എട്ടാം വകുപ്പ് ഈ കേസില്‍ ബാധകമാവില്ലെന്ന് തോന്നുന്നു. വില്‍ക്കുന്ന മാംസം ബീഫ് ആണെന്ന് കുറ്റാരോപിതന് അറിവുണ്ടെങ്കില്‍ മാത്രമേ ഈ വ്യവസ്ഥ ബാധകമാവുകയുള്ളൂ. പാക്ക് ചെയ്ത മാംസമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഹരജിക്കാരന്‍ മാംസം നിര്‍മിച്ചിട്ടില്ല. പാക്കും ചെയ്തിട്ടില്ല.''- കോടതി വിശദീകരിച്ചു.

എന്നാല്‍, ഈ മാംസം ഹരജിക്കാരന്‍ പാക്ക് ചെയ്ത് വില്‍ക്കുന്നതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അങ്ങനെയുണ്ടെങ്കില്‍ തന്നെ മനസറിവോടെയാണ് ഹരജിക്കാരന്‍ ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ തെളിയിക്കേണ്ടി വരുമെന്ന് കോടതി ഇതിന് മറുപടി നല്‍കി. '' ബോംബൈ ഹൈക്കോടതി മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈയ്യില്‍ നിന്ന് മാംസം പിടിച്ചുവെന്ന് കരുതുക. അത് നിങ്ങള്‍ക്ക് ആരെങ്കിലും തന്നതാവും. അത് ഏത് മൃഗത്തിന്റേതാണ് എന്ന് നിങ്ങള്‍ക്ക് ഉറപ്പായും അറിയാനാവുമോ ?'' കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് വിശദമായ വാദത്തിനായി ഏപ്രില്‍ 16ലേക്ക് മാറ്റി.