സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ലിബിയയിലെ ട്രിപ്പോളിയില്‍ അടിയന്തരാവസ്ഥ
ട്രിപ്പോളി: ദേശീയ ഐക്യ സര്‍ക്കാരിന്റെ(ജിഎന്‍യു) മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ വന്‍ സംഘര്‍ഷം. ജിഎന്‍യുവിന്റെ പ്രമുഖ സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദുല്‍ ഗനി അല്‍ കലാക്കിയാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ട്രിപ്പോളിയില്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അക്രമത്തെ തുടര്‍ന്ന് ട്രിപ്പോളിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന വിമാനത്താവളമായ മിറ്റിഗ വിമാനത്താവളം അടച്ചിട്ടു. ട്രിപ്പോളി സര്‍വകലാശാലയും പൂട്ടി.
സ്റ്റബിലിറ്റി സപ്പോര്‍ട്ട് അതോറിറ്റി എന്ന സായുധഗ്രൂപ്പിന്റെ തലവനായിരുന്നു ഗെനിവ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബ്ദുല്‍ ഗനി അല്‍ കലാക്കി. ട്രിപ്പോളിയില്‍ വലിയ സ്വാധീനമുള്ള ഇയാളുടെ സംഘം മറ്റു ഗ്രൂപ്പുകളുമായും നിരന്തരം ഏറ്റുമുട്ടിയിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഐക്യരാഷ്ട്രസഭാ നടപടികളുടെ ഭാഗമായി രൂപീകരിച്ച ദേശീയ ഐക്യ സര്‍ക്കാരിന് കീഴിലാണ് ഗെനിവയുടെ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
മെഡിറ്ററേനിയനിലെ ഏറ്റവും പ്രധാന സാമ്പത്തിക ശക്തികളിലൊന്നായിരുന്ന ലിബിയയില്‍ 2011 മുതല്‍ രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. നാറ്റോ പിന്തുണയോടെ ഒരു വിഭാഗം ഭരണാധികാരിയായിരുന്ന മുഅമ്മര്‍ അല്‍ ഗദ്ദാഫിയെ 2011ല്‍ കൊലപ്പെടുത്തി. 2014ഓടെ രാജ്യം ഏതാണ് പിളര്‍ന്ന അവസ്ഥയിലായി.
