''കൂടുതല്‍ കുട്ടികള്‍ വേണം, എംപിമാരും'': നവദമ്പതിമാരെ ഉപദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

Update: 2025-03-04 05:03 GMT

ചെന്നൈ: തമിഴര്‍ക്ക് കൂടുതല്‍ കുട്ടികളും എംപിമാരും വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്ന ആശങ്കകള്‍ക്കിടെ ഒരു വിവാഹച്ചടങ്ങിലാണ് ജനനനിയന്ത്രണ നടപടികള്‍ പുന:പരിശോധിക്കേണ്ടിവരുമെന്ന് സ്റ്റാലിന്‍ പറഞ്ഞത്.

''കുട്ടികളും കുടുംബവുമൊക്കെയാവുന്നത് ആലോചിച്ച് പതുക്കെമതി എന്നാണ് നേരത്തേ ദമ്പതികളോട് പറയാറുള്ളത്. എന്നാലിപ്പോള്‍ ഞാന്‍, തിരക്കുകൂട്ടേണ്ടെന്ന് ഉപദേശിക്കില്ല. ജനസംഖ്യകൂടിയാല്‍ കൂടുതല്‍ എംപിമാരെക്കിട്ടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ജനസംഖ്യാനിയന്ത്രണത്തില്‍ വിജയിച്ചതുകൊണ്ടാണ് നമ്മള്‍ ഇങ്ങനെയൊരവസ്ഥയിലെത്തിയത്. അതുകൊണ്ട് കുട്ടികള്‍ വൈകേണ്ടാ. കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കുകയും വേണം.'' -ഡിഎംകെയുടെ നാഗപട്ടണം ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സ്റ്റാലിന്‍ പറഞ്ഞു.

ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ തമിഴ്‌നാടിന് എട്ടു ലോക്‌സഭാ സീറ്റുവരെ കുറവുവരുമെന്നാണ് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെയും പിഎംകെയും ഡിഎംഡികെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയും നാം തമിഴര്‍ കക്ഷിയും വിട്ടുനില്‍ക്കും.