ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി സമാന്തര ഭരണത്തിന് ശ്രമിക്കുന്നു: സ്റ്റാലിന്‍
ചെന്നൈ: ഗവര്‍ണമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ബിജെപി സമാന്തരഭരണത്തിന് ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാജ് ഭവനുകളും സര്‍വകലാശാലകളുമാണ് ഇതിന്റെ കേന്ദ്രങ്ങളെന്നും ഹിന്ദുസ്താന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന വിധികള്‍ കോടതികളില്‍ നിന്ന് ലഭിക്കുമ്പോഴും അതിനെയെല്ലാം അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഈ രീതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷയില്ല.
ഡല്‍ഹിയില്‍ അധികാരത്തിലുള്ളവര്‍ രാജാക്കന്‍മാരും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രജകളല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജഭരണം പോലെയാണ് ഇപ്പോള്‍ ബിജെപി പെരുമാറുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെല്ലാം എടുത്തുകളഞ്ഞ് അധികാരങ്ങളെല്ലാം ഡല്‍ഹിയിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമം. വിദ്യാഭ്യാസം, നികുതി, ഭരണം തുടങ്ങി എല്ലാ മേഖലകളിലും അവര്‍ സംസ്ഥാനങ്ങളുടെ അവകാശം എടുത്തുകളയുന്നു. 'സംസ്ഥാനങ്ങളുടെ യൂണിയന്‍' എന്നാണ് ഭരണഘടനയില്‍ രാജ്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളേ ഇല്ല എന്ന രീതിയിലാണ് കേന്ദ്രം പെരുമാറുന്നത്. ഈ പ്രശ്‌നം പരിശോധിക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.