മണ്ഡല പുനര്‍നിര്‍ണയം: ഏഴ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിന്‍

Update: 2025-03-07 14:40 GMT

ചെന്നൈ: രാജ്യത്തെ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ ഏഴു മുഖ്യമന്ത്രിമാരെയും പാര്‍ട്ടി ഭാരവാഹികളെയും ചെന്നൈയിലേക്ക് ക്ഷണിച്ചു. മാര്‍ച്ച് 22നാണ് ചെന്നൈയില്‍ യോഗം നടക്കുക. കേന്ദ്ര നടപടിയെ ചെറുക്കാന്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഇതില്‍ ചന്ദ്രബാബു നായിഡുവും മോഹന്‍ ചരണ്‍ മാജിയും എന്‍ഡിഎ മുഖ്യമന്ത്രിമാരാണ്.

മുഖ്യമന്ത്രിമാര്‍ക്കു പുറമെ ഏഴു സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് സ്റ്റാലിന്‍ ക്ഷണിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു സിപിഎം, കോണ്‍ഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), ആര്‍എസ്പി എന്നീ പാര്‍ട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഈ ഏഴു സംസ്ഥാനങ്ങളിലെയും ബിജെപി ഘടകങ്ങളോടും പ്രതിനിധികളെ അയക്കാന്‍ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.