'ദി കാരവന്‍' മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്റെ പ്രഭാഷണം ഒഴിവാക്കി പാല സെന്റ് തോമസ് കോളജ്

Update: 2026-02-03 09:59 GMT

കോട്ടയം: 'ദി കാരവന്‍' മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വിനോദ് കെ ജോസിനെ പാല സെന്റ് തോമസ് കോളജിലെ പ്രഭാഷണത്തില്‍ നിന്ന് അവസാന നിമിശം ഒഴിവാക്കി. പാല സെന്റ് തോമസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ഫെബ്രുവരി അഞ്ചിന് നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയില്‍ നിന്നാണ് വിനോദ് കെ ജോസിനെ ഒഴിവാക്കിയത്. എന്റെ സാന്നിധ്യം തന്നെ ചിലര്‍ക്കു അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വിനോദ് കെ ജോസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോളേജുകളില്‍ ഒന്നായ പാലാ സെന്റ് തോമസ് കോളേജ് എല്ലാവര്‍ഷവും മുന്‍ അധ്യാപകനായ ടി സി തോമസിന്റെ പേരില്‍ ടി സി തോമസ് എന്‍ഡോവ്‌മെന്റ് പ്രഭാഷണം സംഘടിപ്പിക്കുന്നുണ്ട്. ''ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ'' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ എന്നെ അവര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, അവസാന നിമിശം പ്രഭാഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നു എന്ന് വിനോദ് കെ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.


Full View


'ആ പ്രഭാഷണം ഞാന്‍ ഒരു വാക്ക് പോലും പറയാതെ തന്നെ നടന്നുകഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ അതോടെ തന്നെ വിശദീകരിക്കപ്പെട്ടു'. അദ്ദേഹം കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ നോട്ടിസും ഇറക്കിയിരുന്നു. ഇന്ന് രാവിലെ 11ന് എനിക്ക് ലഭിച്ച സന്ദേശത്തില്‍, ഞാന്‍ ഒരു 'വിവാദ വ്യക്തി' ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.

'സെന്റ് തോമസ് പാലാ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള കോളേജാണ്. നാം ജീവിക്കുന്ന കാലം വല്ലാതെ കൗതുകകരമാണ്. കേരളത്തിലെ ഒരു വിഭാഗം ക്രൈസ്തവര്‍ ആര്‍എസ്എസ് ബിജെപി നിലപാടുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ്. ഈ വിഷയങ്ങളിലുള്ള തുറന്ന സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ അത് തടയാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം നടപടികള്‍ കേരളത്തില്‍ ഹിന്ദുത്വ വലതുപക്ഷത്തിന് അടിത്തറയിടാന്‍ സഹായിക്കുമെന്നും അദ്ദേഹം കുറിച്ചു.

14 വര്‍ഷത്തോളമായി കാരവന്റെ പത്രാധിപ സംഘത്തെ നയിച്ചിരുന്നത് വിനോദാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, അമിത് ഷായ്ക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, അദാനി കോല്‍ഗേറ്റ് അഴിമതി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ബാങ്ക് ലോണ്‍ തട്ടിപ്പ്, ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ തുടങ്ങി ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ 'ദി കാരവന്‍' പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ കീഴിലായിരുന്നു.

Tags: