ഗസ വംശഹത്യാ പദ്ധതി; വൈറ്റ്ഹൗസിലെ സെയിന്റ് പാട്രിക് ദിനാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് ഷിന്‍ ഫെയ്ന്‍

Update: 2025-02-22 02:19 GMT

ഡബ്ലിന്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് യുഎസ് പിന്തുണ നല്‍കുന്നതിനാല്‍ വൈറ്റ്ഹൗസില്‍ നടക്കുന്ന സെയിന്റ് പാട്രിക് ദിനാഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് അയര്‍ലാന്‍ഡിലെ ഷിന്‍ ഫെയ്ന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. അയര്‍ലാന്‍ഡിലെ സ്‌റ്റോര്‍മോണ്ടിലെ പ്രഥമമന്ത്രിയായ മിഷേല്‍ ഒ നെയിലാണ് പ്രഖ്യാപനം നടത്തിയത്.

'' ഫലസ്തീന്‍ ജനത ദുരിതമനുഭവിക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്‌തെന്ന് കൊച്ചുമക്കള്‍ ചോദിക്കുമ്പോള്‍ മാനവികതയുടെ പക്ഷത്ത് നിന്നു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അടുത്തമാസം വൈറ്റ്ഹൗസില്‍ നടക്കുന്ന സെയിന്റ് പാട്രിക് ദിനാഘോഷത്തില്‍ പങ്കെടുക്കില്ല.''-മിഷേല്‍ ഒ നെയില്‍ പറഞ്ഞു.

ഗസ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഷിന്‍ ഫെയ്ന്‍ പാര്‍ടി പ്രസിഡന്റ് മേരി ലൂ മക്‌ഡൊണാള്‍ഡ് നേരത്തെ അപലപിച്ചിരുന്നു. ഫലസ്തീന്‍ ജനതയെ അവരുടെ വീടുകളില്‍ നിന്ന് കൂട്ടത്തോടെ പുറത്താക്കുകയും ഭൂമി സ്ഥിരമായി പിടിച്ചെടുക്കുകയും ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഭീതിയുണര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ അയര്‍ലാന്‍ഡിലെ ഇസ്രായേല്‍ എംബസി പൂട്ടിയിരുന്നു.

അയര്‍ലാന്‍ഡിലെ ഐറിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഷിന്‍ ഫെയ്ന്‍. ഇതിന്റെ ആദ്യകാല നേതാക്കളെല്ലാം ഐറിഷ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാണ്. അയര്‍ലാന്‍ഡിലെ ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സായുധസമരം നടത്തുന്ന ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ബ്രിട്ടന്‍ ആരോപിക്കാറുണ്ട്.